വൃദ്ധനായി ആള്‍മാറാട്ടം; ഒടുവില്‍ പിടിയില്‍

ന്യൂഡല്‍ഹി: നരച്ച മുടിയും താടിയും വെച്ച് ആള്‍മാറാട്ടം നടത്തിയ യുവാവിനെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. വ്യാജ പാസ്പോര്‍ട്ടും രേഖകളുമായി ദില്ലി വിമാനത്താവളത്തിലെത്തിയ യുവാവിനെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ജയേഷ് പട്ടേല്‍ എന്ന അഹമ്മദാബാദ് സ്വദേശിയാണ് പിടിയിലായത്.
വിമാനത്താവളത്തിലെ സുരക്ഷാപരിശോധനക്കിടെ വീല്‍ചെയറില്‍ നിന്ന് എഴുന്നേല്ക്കാന് സാധിക്കില്ലെന്നും പറഞ്ഞ് ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി സംസാരിക്കാതെ പരിഭ്രമിക്കുകയുമായിരുന്നു ഇയാള്‍. തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്.
വിമാനത്താവളത്തിലെത്തിയ ഇയാള്‍ ഒറ്റനോട്ടത്തില്‍ വൃദ്ധനെന്ന് തോന്നിച്ചെങ്കിലും ശരീരഘടന യുവാവിന്റേത് പോലെയായിരുന്നു. പ്രായം മറച്ചുവെക്കാനായി പവര്‍ ഇല്ലാത്ത കണ്ണടയും ധരിച്ചിരുന്നു. ആള്‍മാറാട്ടം നടത്തിയതായി തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.