• 23 Sep 2019
  • 07: 08 AM
Latest News arrow

ഓടുന്ന ജീപ്പില്‍ നിന്നും കുട്ടി വീണ സംഭവം: രക്ഷിതാക്കള്‍ക്കെതിരെ കേസ്

മൂന്നാര്‍: രാജമലയില്‍ ഓടുന്ന ജീപ്പില്‍ നിന്നു കുട്ടി തെറിച്ചുവീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

കുട്ടി വീണതെങ്ങെനെയെന്ന് അറിയില്ലെന്നും ക്ഷീണം കാരണം ഉറങ്ങിപ്പോയി എന്നുമാണ് അമ്മ പറയുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നു കുട്ടിയുടെ അച്ഛനും പ്രതികരിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ വീഴ്ച വരുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെങ്കിലും പോലീസ് തിടുക്കത്തില്‍ നടപടി സ്വീകരിച്ചേക്കില്ലെന്നാണ് വിവരം. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളു.