• 23 Sep 2019
  • 07: 21 AM
Latest News arrow

പരീക്ഷകള്‍ മലയാളത്തിലും; പി.എസ്.സിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച് പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബര്‍ 16-ന് പി.എസ്.സിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം.

ഈ പ്രശ്‌നം സംബന്ധിച്ച് പി.എസ്.സി.യുമായി ചര്‍ച്ച നടത്തുമെന്ന് സെപ്തംബര്‍ 7-ന് ചേര്‍ന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പി.എസ്.സി. പരീക്ഷകളില്‍ മലയാളത്തില്‍ കൂടി ചോദ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഔദ്യോഗിക ഭാഷാ സമിതി നേരത്തെ തന്നെ പി.എസ്.സിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പത്താം ക്ലാസിനു മുകളില്‍ യോഗ്യത ആവശ്യമുള്ള പി.എസ്.സി പരീക്ഷകളില്‍ പത്തു മാര്‍ക്കിന് മലയാളത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മാതൃഭാഷയില്‍ ചോദ്യക്കടലാസ് ലഭിക്കുന്നില്ല. മലയാളം മാധ്യമത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് ഔദ്യോഗിക ഭാഷാസമിതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കേരളാ പി എസ് സിയുടെ പരീക്ഷകള്‍ മാതൃഭാഷയില്‍ നടത്തണമെന്നാവശ്യപെട്ട് ഐക്യ മലയാള പ്രസ്ഥാനം നടത്തുന്ന സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. തിരുവോണ നാളില്‍ സാസ്‌കാരിക നായകന്മാരെ പങ്കെടുപ്പിച്ച് ഉപവാസ സമരം നടത്താനൊരുങ്ങുകയാണ് ഐക്യ മലയാള പ്രസ്ഥാനം.