• 23 Sep 2019
  • 07: 07 AM
Latest News arrow

വിവാഹേതര ലൈംഗികബന്ധം കുറ്റകൃത്യമല്ലാതാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകൃത്യമല്ലാതാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ഇന്ത്യന്‍ സൈന്യം. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അധികം വൈകാതെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീംകോടതി വിധി സൈന്യത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. സഹപ്രവര്‍ത്തകരുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സൈന്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ കുറ്റകൃത്യമാണ്. വിവാഹേതര ലൈംഗികബന്ധം കുറ്റമാണെന്ന 497ാം വകുപ്പ് റദ്ദാക്കിയതിലൂടെ സൈന്യത്തിന്റെ ചട്ടത്തിന് നിലനില്‍പ്പുണ്ടാകില്ല.

ജോലിയുടെ ഭാഗമായി പുരുഷ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മാസങ്ങളോളം കുടുംബത്തെ വിട്ടുനില്‍ക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ അച്ചടക്കമില്ലാത്ത പെരുമാറ്റം ചില പുരുഷ ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

2018-ലാണ് വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്ന് സുപ്രീംകോടതി വിധിച്ചത്. 497ാം വകുപ്പ് ഏകപക്ഷീയമെന്നായിരുന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാരുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരുടേതാണ് വിധി. 497ാം വകുപ്പ് റദ്ദാക്കണമെന്നും ഇവര്‍ നിലപാടെടുത്തു.