• 23 Sep 2019
  • 07: 15 AM
Latest News arrow

കരകയറാന്‍ ആര്‍എസ്എസ് മാതൃക; രാജ്യമൊട്ടാകെ പ്രേരക്മാരെ നിയമിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ അടിപതറിയിരിക്കുന്ന കോണ്‍ഗ്രസ് തിരിച്ചുവരവിനായി ആര്‍എസ്എസിന്റെ മാതൃക സ്വീകരിക്കാനൊരുങ്ങുന്നു. ബഹുജന സമ്പര്‍ക്ക പരിപാടികള്‍ വിപുലീകരിക്കാനുള്ള നടപടികളാണ് കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനായ് പ്രവര്‍ത്തകര്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കുന്നതിന് ആര്‍എസ്എസ് മാതൃകയില്‍ രാജ്യമൊട്ടാകെ പ്രേരക്മാരെ നിയമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍, ചരിത്രം മുതലായ കാര്യങ്ങള്‍ പ്രവര്‍ത്തകരെ പഠിപ്പിക്കുകയാണ് പ്രേരക്മാരുടെ ചുമതല. താഴേത്തട്ടിലേക്കിറങ്ങിച്ചെന്ന് ജനങ്ങളുമായി അടുത്തിടപഴകാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കുകയെന്നതും പ്രേരക്മാരുടെ ദൗത്യത്തില്‍പ്പെടുന്നു. 

ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേശക സംഘടനയായ ആര്‍എസ്എസ് തങ്ങളുടെ ഹിന്ദുത്വ അജണ്ട ജനങ്ങളിലേക്കെത്തിക്കുന്നതിനായി മുഴുവന്‍ സമയ പ്രചാരകരെ നിയോഗിച്ചിട്ടുണ്ട്. ശാഖകളായി തിരിഞ്ഞാണ് ഇവരുടെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് അവര്‍ക്ക് വിലക്കുണ്ട്. അതേസമയം ഈ മാതൃകയില്‍ കോണ്‍ഗ്രസ് നിയമിക്കുന്ന പ്രേരക്മാര്‍ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഭാഗഭാക്കാകാന്‍ കഴിയും.

കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് പ്രേരക് എന്ന ആശയം ഉയര്‍ന്നുവന്നത്. ആര്‍എസ്എസിന്റെ ജനകീയ സമ്പര്‍ക്ക മാതൃക സ്വീകരിച്ചാല്‍ മാത്രമേ ഇനി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയൂ എന്ന് അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയി മാസങ്ങള്‍ക്ക് മുമ്പേ പറഞ്ഞിരുന്നു. ഇതിന് സമാനമായ ആശയമാണ് ശില്‍പ്പശാലയില്‍ ചര്‍ച്ചയായത്.

പ്രേരക്മാരെ നിയോഗിച്ച ശേഷം ആദ്യത്തെ മൂന്ന് മാസം അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. അതിന് ശേഷമാണ് സ്ഥിരപ്പെടുത്തുക. എല്ലാ മാസവും പാര്‍ട്ടി ഓഫീസുകളില്‍ പ്രേരക്മാരുടെ പ്രവര്‍ത്തനം അടിസ്ഥാനമാക്കിയുള്ള അവലോകനമുണ്ടാകും. പ്രേരക്മാരാകാന്‍ അനുയോജ്യരായവരുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ സംസ്ഥാന കമ്മിറ്റികളോട് എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.