• 23 Sep 2019
  • 07: 07 AM
Latest News arrow

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി; ഒഴിയാന്‍ താമസക്കാര്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും

കൊച്ചി: മരട് നഗരസഭയില്‍ അനധികൃതമായി പണികഴിപ്പിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ നടപടികള്‍ തുടങ്ങി. ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ ഇന്ന് നോട്ടീസ് നല്‍കും. ഇന്നലെ കൊച്ചിയിലെത്തിയ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ അതിവേഗത്തിലാക്കിയത്.

തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭാ കൗണ്‍സില്‍ ഇന്ന് ചേരും. തീരസംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാണിച്ചാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ കാലതാമസം വന്നതോടെ സുപ്രീംകോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതോടെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.

ഇന്ന് രാവിലെ തന്നെ ഫ്‌ളാറ്റുടമകള്‍ക്ക് ഒഴിയാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കും. അതിന് ശേഷമാണ് കൗണ്‍സില്‍ ചേരുക. ഫ്‌ളാറ്റ് പൊളിക്കുന്നതിന് ടെന്‍ഡര്‍ വിളിക്കുന്നതടക്കമുള്ള നടപടികള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. താമസക്കാരെ ഏലൂരിലെ ഫാക്ടിന്റെ അതിഥി മന്ദിരങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാനാണ് നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം. ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കി പതിനെട്ടിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്. 23ന് ചീഫ് സെക്രട്ടറിയോട് കോടതിയില്‍ ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.