• 23 Sep 2019
  • 07: 03 AM
Latest News arrow

ശമ്പള വര്‍ധനയില്ല: പൈലറ്റുമാര്‍ സമരത്തില്‍; ബ്രിട്ടീഷ് എയര്‍വേസ് സര്‍വീസുകള്‍ റദ്ദാക്കി

ലണ്ടന്‍: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ കൂട്ടത്തോടെ സര്‍വീസ് റദ്ദാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് 48 മണിക്കൂര്‍ സമരം തുടങ്ങിയത്. ശമ്പള, ആനുകൂല്യ വര്‍ധനവ് ആവശ്യപ്പെട്ടാണ് പൈലറ്റുമാര്‍ സമരത്തിലിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടീഷ് എയര്‍വേസില്‍ പൈലറ്റുമാര്‍ ആഗോള തലത്തില്‍ പണിമുടക്ക് നടത്തുന്നത്. 
ശമ്പള വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം തന്നെ പൈലറ്റുമാരുടെ യൂണിയന്‍ കമ്പനിക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. സപ്തംബര്‍ 9,10 ദിവസങ്ങളിലും 27 --ാം തീയതിയുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

അതേസമയം  ഇപ്പോള്‍ നല്‍കുന്ന ശമ്പളം ന്യായമാണെന്നും പണിമുടക്ക് അനാവശ്യമാണെന്നുമാണ് ബ്രിട്ടിഷ് എയര്‍വെയ്‌സിന്റെ വിശദീകരണം. 

പണിമുടക്കിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. പലരും വിമാനത്താവളങ്ങളില്‍ എത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പണിമുടക്ക് വിവരം യഥാസമയം യാത്രക്കാരെ അറിയിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.