• 10 Jun 2023
  • 04: 14 PM
Latest News arrow

അഞ്ച് മണിക്കൂര്‍ നീണ്ട പോരാട്ടം; ഒടുവില്‍ റഷ്യന്‍ താരത്തെ തോല്‍പ്പിച്ച് 19-ാം കിരീടവുമായി നദാല്‍

ന്യൂയോര്‍ക്ക്: അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വെദേവിനെ കീഴടക്കി റാഫേല്‍ നദാലിന് യുഎസ് ഓപ്പണ്‍ കിരീടം. അഞ്ചില്‍ മൂന്ന് സെറ്റും നേടിയാണ് നദാല്‍ കരിയറിലെ 19-ാം ഗ്രാന്‍സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. 

റഷ്യന്‍ താരം മെദ്‌വെദേവ് ആദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കളിക്കാനിറങ്ങുന്നത്. ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടിട്ടും മൂന്നാം സെറ്റില്‍ മെദ്‌വെദേവ് തിരിച്ചുവന്നു. 5-7നാണ് ആ സെറ്റ് നേടിയത്. നാലാം സെറ്റും സ്വന്തമാക്കിയതോടെ രണ്ടാം സീഡ് നദാലിനോട് ഒപ്പത്തിനൊപ്പം നിന്നു മെദ്‌വെദേവ്. എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റ് 6-4ന് സ്വന്തമാക്കി നദാല്‍ തന്റെ 19-ാം കിരീടത്തില്‍ മുത്തമിട്ടു.

മുപ്പതുകാരനായതിന് ശേഷമുള്ള നദാലിന്റെ അഞ്ചാമത്തെ പ്രധാനപ്പെട്ട കിരീടമാണിത്. ഇത് രണ്ടാം തവണയാണ് നൊവാക് ദ്യോക്കോവിച്ചിനെയും റോജര്‍ ഫെഡററെയും നേരിടാതെ ഫൈനലിലെത്തി നദാല്‍ കിരീടം ചൂടുന്നത്. ഈ വിജയത്തോടെ റാഫ-റോജര്‍ വൈര്യം വീണ്ടും ചൂടുപിടിയ്ക്കുകയാണ്. റോജര്‍ ഫെഡററുടെ 20 ഗ്രാന്‍ഡ്സ്ലാം കിരിടമെന്ന നോട്ടത്തിനൊപ്പമെത്താന്‍ നദാലിന് ഇനി ഒരൊറ്റ കിരീടം കൂടി മതി.