സെറീനയെ അട്ടിമറിച്ച് പത്തൊമ്പതുകാരി; ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് യുഎസ് ഗ്രാന്‍സ്ലാം കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് കിരീടം. ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാന്‍ക ആദ്യ ഗ്ലാന്‍ഡ് സ്ലാം കിരീടം നേടിയത്. സ്‌കോര്‍ 6-3, 7-5. യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് ഈ പത്തൊന്‍പതുകാരി.
ഏഴാം കിരീടം ലക്ഷ്യമിട്ട് വന്ന സെറീനയുടെ കരുത്തും പരിചയസമ്പത്തുമൊന്നും ആന്‍ഡ്രിസ്‌ക്യുവിന്റെ പ്രസരിപ്പിന് മുമ്പില്‍ വിലപ്പോയില്ല. ഇതുവരെ ഒരു ഗ്രാന്‍സ്ലാമിന്റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ആന്‍ഡ്രിസ്‌ക്യു ആദ്യമായാണ് യുഎസ് ഓപ്പണിന്റെ മെയിന്‍ ഡ്രോയില്‍ ഇടംപിടിക്കുന്നത്. രണ്ടാം സെറ്റില്‍ ഡബിള്‍ ബ്രേക്കിലൂടെയായിരുന്നു കന്നി കിരീടത്തിലേക്കുള്ള ആന്‍ഡ്രിസ്‌ക്യുവിന്റെ മുന്നേറ്റം.
ഇതൊരു സ്വപ്‌നസാക്ഷാത്കാരമാണെന്ന് മത്സരശേഷം വിജയത്തില്‍ വിശ്വസിക്കാനാകാതെ കോര്‍ട്ടില്‍ ഇരുന്നുപോയ ആന്‍ഡ്രിസ്‌ക്യു പറഞ്ഞു. മറിയ ഷറപ്പോവയ്ക്ക് ശേഷം ഒരു ഗ്രാന്‍സ്ലാം കിരീടം നേടുന്ന ആദ്യ ടീനേജ് താരം എന്ന നേട്ടവും ഇനി ആന്‍ഡ്രിസ്‌ക്യുവിന് സ്വന്തം. 2004ല്‍ സെറീന വില്യംസിനെ വീഴ്ത്തി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുമ്പോള്‍ മറിയ ഷറപ്പോവയ്ക്ക് പതിനേഴ് വയസ്സ് മാത്രമായിരുന്നു പ്രായം.
കഴിഞ്ഞ മാസം റോജേഴ്‌സ് കപ്പ് ഫൈനലില്‍ പുറംവേദന കാരണം സെറീന പിന്‍മാറിയപ്പോള്‍ ബിയാന്‍ക ആന്‍ഡ്രിസ്‌ക്യു കിരീടം നേടിയിരുന്നു. 38-ാം ജന്മദിനത്തിന് ദിവസങ്ങള്‍ അകലെ നില്‍ക്കുന്ന സെറീനക്ക്, 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം ഗ്രാന്‍സ്ലാം കിരീടം നേടാനായിട്ടില്ല. ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താന്‍ (24) സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം.