''നിങ്ങളുടെ നേട്ടങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു''; ഇസ്റോയെ പ്രശംസിച്ച് നാസ

വാഷിങ്ടണ്‍: ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഇസ്റോയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഇസ്റോയുടെ നേട്ടങ്ങള്‍ തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുളള ശ്രമത്തിനിടെ വിക്രം ലാന്‍ഡറുമായുള്ള ആശയ വിനിമയം നഷ്ടമായതിനെത്തുടര്‍ന്ന് ചന്ദ്രയാന്‍-2 ദൗത്യം പൂര്‍ണമായി വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇസ്രോയെ പ്രശംസിച്ച് നാസ രംഗത്ത് വന്നത്.
ബഹിരാകാശ ദൗത്യങ്ങളെല്ലാം തന്നെ ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ പര്യവേക്ഷണ വാഹനമിറക്കാനുള്ള ഇസ്രോയുടെ ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നതാണ്. വരുംകാല ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ത്ഥ്യമാക്കാം എന്ന് പ്രതീക്ഷിക്കുന്നുവെന്നും നാസ പ്രതികരിച്ചു.
ജൂലൈ-22ന് വിക്ഷേപിച്ച ചന്ദ്രയാന്‍-2 നാല് ലക്ഷം കിലോമീറ്ററുകള്‍ താണ്ടി ശനിയാഴ്ച പുലര്‍ച്ച 1.38ന് ചന്ദ്രനില്‍ നിന്നും 30 കിലോമീറ്റര്‍ ഉയരത്തിലെത്തിയിരുന്നു. തുടര്‍ന്ന് ചന്ദ്രന്റെ ദക്ഷിണദ്രുവം ലക്ഷ്യമാക്കി സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിനിടെ ലാന്‍ഡര്‍ നിശ്ചയിച്ച പഥത്തില്‍ നിന്ന് തെന്നിമാറുകയും ചന്ദ്രോപരതിലത്തിന് 2.10 കി.മീ ദൂരെ വെച്ച് ആശയവിനിമയം നഷ്ടമാവുകയും ചെയ്തു.
ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടെങ്കിലും ചന്ദ്രയാന്‍-2 ദൗത്യം 90 മുതല്‍ 95 ശതമാനം വരെ വിജയിച്ചുവെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. നിലവില്‍ ഓര്‍ബിറ്റര്‍ ചന്ദ്രന് ചുറ്റും കറങ്ങുന്നുണ്ട്. മികവാര്‍ന്ന ചിത്രങ്ങളും ഓര്‍ബിറ്റര്‍ നല്‍കും. മുമ്പ് പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഓര്‍ബിറ്ററിന് ഒരു വര്‍ഷത്തിന് പകരം 7 വര്‍ഷം വരെ കാലാവധി ലഭിക്കുമെന്നും ഇസ്റോ വ്യക്തമാക്കി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ