• 29 Sep 2022
  • 06: 32 AM
Latest News arrow

ചന്ദ്രയാന്‍-2: ഓർബിറ്റർ സുരക്ഷിതമായി ചന്ദ്രനെ ഭ്രമണം ചെയ്യുന്നു; സൂര്യചന്ദ്രന്മാരെ പഠിക്കും

ബംഗളൂരു: 'ചന്ദ്രയാന്‍-2' ദൗത്യത്തിന്റെ ഭാഗമായ 'വിക്രം ലാന്‍ഡറു'മായുള്ള ആശയവിനിമയം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുൻപ്  2.1 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് നഷ്ടമായത് രാജ്യത്തെ നിരാശയിലാക്കിയെങ്കിലും ഓർബിറ്റർ ആരോഗ്യത്തോടെയും സുരക്ഷിതമായും ചന്ദ്രനെ വലംവച്ചു കൊണ്ടിരിക്കുന്നുവെന്നത് ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസം നൽകുന്നു.

'ചന്ദ്രയാന്‍-2'ന് ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിങ്ങനെ മൂന്നുഭാഗങ്ങളാണുള്ളത്.

ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും 'ചന്ദ്രയാന്‍-2'  ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ സുരക്ഷിതമാണെന്നും ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടു പ്രതികരിച്ചു. "ഓര്‍ബിറ്ററിന് കേടുപാടുകളില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്"- ഐഎസ്ആര്‍ഒ പറഞ്ഞു. ചന്ദ്രോപരിതലത്തെക്കുറിച്ചും ചന്ദ്രന്റെ അന്തരീക്ഷത്തെക്കുറിച്ചും പഠിക്കുകയെന്നതാണ് ഓര്‍ബിറ്ററിന്റെ ദൗത്യം. 2,379 കിലോ ഭാരമുള്ള ഓര്‍ബിറ്ററിന്റെ ആയുസ് ഒരുവര്‍ഷമാണ്.

ദൗത്യത്തിന്‍റെ അഞ്ചു ശതമാനം മാത്രമാണു നമുക്കു നഷ്ടമായതെന്ന്  ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞർ പ്രതികരിച്ചു. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെട്ടതാണ് ആ അഞ്ചു ശതമാനം. ബാക്കിയുള്ള 95% ചന്ദ്രയാൻ–2 ഓർബിറ്ററിന്റെ ഭ്രമണപഥമാണ്. വലിയ ദൗത്യത്തിലെ ചെറിയൊരു ഭാഗം സാദ്ധ്യമായില്ലെങ്കിലും ചന്ദ്രനെയും ബഹിരാകാശത്തെയും കുറിച്ച് ശാസ്ത്രലോകത്തിനു കൂടുതൽ വെളിച്ചം നൽകാൻ ഓർബറ്റിനു സാധിക്കും.

വിക്രം ലാൻഡറിൽനിന്നും പുറത്തിറങ്ങി സഞ്ചരിക്കേണ്ട പ്രഗ്യാൻ റോവറിന് 14 ദിവസമാണ് ആയുസ്സ്. എന്നാൽ, ഒരു വർഷത്തോളം ആയുസ്സുള്ള ഓർബിറ്റർ ചന്ദ്രന്റെ സൂക്ഷ്മചിത്രങ്ങൾ ഉൾപ്പെടെ നിരവധി വിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും.

ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രീഡി മാപ്പുകൾ തയാറാക്കുവാൻ സഹായിക്കുന്നതുൾപ്പെടെ  നിരവധി ആധുനിക പരീക്ഷണ ഉപകരണങ്ങളാണ് ഓർബിറ്ററിൽ സ്ഥാപിച്ചിട്ടുള്ളത്. ടെറെയ്ൻ മാപ്പിങ് ക്യാമറ 2 ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കും.

കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്സ്–റേ സ്പെക്ട്രോമീറ്റർ ചന്ദ്രനിലെ ധാതുപഠനത്തിനുള്ളതാണ്.

ചന്ദ്രനെപ്പറ്റി മാത്രമല്ല സൂര്യനെക്കുറിച്ചുള്ള വിവരങ്ങളും ഓർബിറ്റർ ശേഖരിക്കും. സോളർ എക്സ്റേ മോണിറ്റർ സൂര്യനിലെ എക്സ്റേ വികിരണങ്ങളെപ്പറ്റി പഠിക്കാനുള്ളതാണ്.

‘ചേസ് 2’ ചന്ദ്രന്റെ അന്തരീക്ഷഘടനയെക്കുറിച്ചാണ് പഠിക്കുക. സിന്തറ്റിക് അപ്പർചർ റഡാർ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചു ചന്ദ്രനെ സ്കാൻ ചെയ്യും.

ഇമേജിങ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ ആണ് ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാനുള്ള ഉപകരണം.

ഇതിനു പുറമെ, ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങാതെ, മൃദുവായി ഇറങ്ങാനുള്ള കഴിവ് തെളിയിക്കുക, ഉപരിതലത്തിൽ റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കുക എന്നിവയായിരുന്നു 'ചന്ദ്രയാൻ–2' ലൂടെ  ഐഎസ്ആര്‍ഒ ലക്ഷ്യമിട്ടത്.