ചികിത്സാപ്പിഴവിനെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ച സംഭവം; 78 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഷാര്‍ജ കോടതി

ഷാര്‍ജ: ചികിത്സാപ്പിഴവ് മൂലം മലയാളി യുവതി മരിച്ച കേസില്‍ 78 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഷാര്‍ജ കോടതി. കൊല്ലം പത്തനാപുരം സ്വദേശിനി ബ്ലെസി ടോം സ്വകാര്യ ക്ലിനിക്കിലെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് 2015-ല്‍ മരിച്ച സംഭവത്തിലാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
നഷ്ടപരിഹാരമായി 39 ലക്ഷം രൂപയും കോടതി ചെലവിനത്തില്‍ മറ്റൊരു 39 ലക്ഷം രൂപയും മരിച്ച യുവതിയെ ചികിത്സിച്ച ഷാര്‍ജയിലെ ഡോ. സണ്ണി മെഡിക്കല്‍ സെന്ററും ഡോക്ടര്‍ ദര്ശന് പ്രഭാത് രാജാറാം പി നാരായണരായും അടയ്ക്കണം. ബ്ലെസി ടോമിന്റെ ഭര്‍ത്താവ് ജോസഫ് അബ്രഹാമിനും അവരുടെ രണ്ടു മക്കള്‍ക്കുമാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.
ഷാര്‍ജ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു ബ്ലെസി ടോം. സ്തനത്തിലെ രോഗാണുബാധയെ തുടര്‍ന്ന് 2015 നവംബറിലാണ് ബ്ലെസി ചികിത്സ തേടി ക്ലിനിക്കിലെത്തിയത്. ആദ്യം ഡോക്ടര്‍ ബ്ലെസിക് ആന്റിബയോട്ടിക് ഇന്ജക്ഷന് നല്കി. ഇതോടെ ബ്ലെസി ബോധരഹിതയായി. ഉടന്‍ തന്നെ ഷാര്‍ജയിലെ അല്‍ ഖാസ്സിമി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബ്ലെസി മരിച്ചതോടെ ഡോക്ടര്‍ നാരായണരായ യുഎഇയില്‍ നിന്ന് നാടുവിട്ടു. ബ്ലെസിയുടെ മരണം ചികിത്സാപ്പിഴവ് കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ജോസഫ് നല്കിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കും ഒപ്പമാണ് ബ്ലെസി ഷാര്‍ജയില്‍ താമസിച്ചിരുന്നത്.