ചന്ദ്രയാന്‍-2: സോഫ്റ്റ് ലാൻഡിങ്ങിന്റെ അവസാന നിമിഷം വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ ദൗത്യം അവസാന നിമിഷം അനിശ്ചിതത്വത്തില്‍. വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടു. ചന്ദ്രന്റെ ഉപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയോ എന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കുകയാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്ന വിക്രം ലാന്‍ഡര്‍ നേരത്തെ നിശ്ചയിച്ച പ്രകാരം പുലര്‍ച്ചെ 1.37നാണ് ചന്ദ്രന്റെ ദക്ഷിണദ്രുവത്തിലേക്കുള്ള ഇറക്കം തുടങ്ങിയത്. വേഗത കുറയ്ക്കാനായി നാല് എഞ്ചിനുകളും പ്രവര്‍ത്തിപ്പിച്ചു. ഈ ഘട്ടം വിജയകരമായിരുന്നു.
തുടര്‍ന്ന് ചന്ദ്രനോട് ഏറെ അടുത്തെത്തിയതോടെ ഫൈന്‍ ബ്രൈക്കിങ് എന്ന ഘട്ടം തുടങ്ങി. ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തിന് അടുത്തതെത്തിയതോടെ അപ്രതീക്ഷിതമായി തിരിച്ചടിയുണ്ടായി. ലാന്‍ഡറുമായുള്ള ആശയവിനിമയം ഐഎസ്ആര്‍ഒയ്ക്ക് പെട്ടെന്ന് നഷ്ടപ്പെട്ടു.
ഇപ്പോഴും ചന്ദ്രനെ വലംവെയ്ക്കുന്ന ഓര്‍ബിറ്ററിന് വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. ഇതിനാണ് ഇപ്പോള്‍ ഇസ്‌റോ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവസാന നിമിഷത്തെ വിവരങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ ബന്ധം നഷ്ടപ്പെടാനുളള കാരണം കണ്ടെത്താന്‍ കഴിയൂ.
'പേടിപ്പിക്കുന്ന പതിനഞ്ച് മിനിറ്റുകൾ' എന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ 'ചന്ദ്രയാൻ-2' ജിഎസ്എൽവി മാർക് - 3ൽ കയറി പറന്നുയർന്നതിന് പിന്നാലെ പറഞ്ഞത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഒരു പര്യവേക്ഷണപേടകം ലാൻഡ് ചെയ്യിക്കുന്നത് സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ചന്ദ്രന്‍റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുവാനാണ് ദക്ഷിണധ്രുവമെന്ന വെല്ലുവിളി നിറഞ്ഞ ലക്ഷ്യം തന്നെ ഐഎസ്ആർഒ തിരഞ്ഞെടുത്തത്.
ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ സുരക്ഷിതമാണെന്നും ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഐ എസ് ആര്‍ ഒ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടു പ്രതികരിച്ചു.