ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നവർക്ക് 'പണി' കിട്ടും

മസ്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നല്കി. നഗര സൗന്ദര്യത്തെ ബാധിക്കുന്നതിനാല്‍ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാവില്ലെന്നും മസ്കറ്റ് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
തുണികള്‍ ഉണക്കാനിടുന്നത് കുറ്റമല്ലെങ്കിലും പുറത്തുനിന്ന് കാണാവുന്ന തരത്തിലും കെട്ടിടത്തിന്റെ ഭംഗിക്ക് കോട്ടം തട്ടുന്ന വിധത്തിലും ഇവ ബാല്‍ക്കണികളില്‍ പ്രദർശിപ്പിക്കരുതെന്നാണ് അധികൃതരുടെ അറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
തുണികള്‍ ഉണക്കാന്‍ ഇലക്ട്രിക് ഡ്രയറുകളോ അല്ലെങ്കില്‍ അവ ഉണക്കാനിടുമ്പോൾ പുറത്തുനിന്ന് തുണികള്‍ കാണാതിരിക്കാനായി മെറ്റൽ സ്ക്രീനുകളോ ഉപയോഗിക്കണമെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.
മസ്കറ്റ് മുനിസിപ്പാലിറ്റി നിയമം ആര്‍ട്ടിക്കിള്‍ 14 പ്രകാരം കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് കുറ്റകരമാണ്. 50 മുതല്‍ 5000 ഒമാനി റിയാല്‍ വരെ (9.3 ലക്ഷം ഇന്ത്യന്‍ രൂപയിലധികം) പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഒരു ദിവസം മുതല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കാം.
യു.എ.ഇയിലും കുവെട്ടിലും മറ്റും ഈ നിയമം പ്രാബല്യത്തിലുണ്ട്.