• 18 Feb 2020
  • 11: 47 AM
Latest News arrow

ലവിനെയും ആക്ഷനെയും ഡ്രാമയെയും ഭരിച്ച് കോമഡി

ലവ് വേണം ആക്ഷന്‍ വേണം ഡ്രാമയും വേണം. പുതിയ സംവിധാന സംരംഭത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്റെ നിര്‍ബന്ധങ്ങള്‍ ഇതൊക്കെയായിരിക്കണം. അപ്പോള്‍ അതിന് അനുസരിച്ചുള്ള ഒരു കഥ കൂടി ശരിയാക്കിയെടുക്കണം. പിന്നെ കോമഡിയുടെ ട്രാക്കില്‍ അതിനെ കൊണ്ടുപോകണം. റേഞ്ച് കുറച്ച് അധികമുള്ള നായകനും നായികയും കൂടി വന്നാല്‍ സംഗതി കളറാകും ജോറാകും. ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ ഈ ഒരു ഉദ്ദേശ്യം സാക്ഷാത്കരിച്ചിട്ടുണ്ടെന്ന് തീര്‍ത്ത് പറയാം. 

കഥയുടെ രത്‌നച്ചുരുക്കം ഇങ്ങിനെ. അപ്പനപ്പന്‍മാരായി സമ്പാദിച്ചിട്ടുള്ള സ്വത്തുള്ളതിനാല്‍ ജോലിയ്‌ക്കൊന്നും പോകാതെ കഴിയുന്ന നല്ല വിദ്യാഭ്യാസം പോലുമില്ലാത്ത ദിനേശന്‍ എന്ന ചെറുപ്പക്കാരന്‍. പല പെണ്ണുങ്ങളെ പ്രേമിച്ചു. ഒന്നും വിജയിച്ചില്ല. അങ്ങിനെ പരാജയപ്പെട്ട് പണ്ടാരമടങ്ങി നില്‍ക്കുന്ന സമയത്ത് ഒരു കല്യാണച്ചടങ്ങില്‍ വെച്ച് ശോഭയെ കണ്ടുമുട്ടുന്നു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ, വിദ്യഭ്യാസമുള്ള, സ്വന്തമായി ബിസിനസ് ചെയ്യുന്ന ശോഭയെ കണ്ട ദിവസം തന്നെ ദിനേശന് പ്രേമം തോന്നുന്നു, പ്രൊപ്പോസ് ചെയ്യുന്നു. തുടര്‍ന്ന് അവളെ 'വളയ്ക്കാനുള്ള' ശ്രമമാണ്, അതിന് നേരിടുന്ന തടസ്സങ്ങളാണ്. പിന്നെ എല്ലാവര്‍ക്കും ഊഹിക്കാന്‍ കഴിയുന്ന ഒരു ക്ലൈമാക്‌സോടെ സിനിമ തീരുന്നു.

അതുകൊണ്ട് അടിപൊളി കഥയാണെന്നും പറഞ്ഞ് സിനിമയ്ക്ക് കേറാന്‍ പോകേണ്ട. ക്ലീഷേന്റെ അപ്പനാണെന്ന് വ്യക്തമായിട്ടുണ്ടല്ലോ. പിന്നെ ഈ കഥയെ എങ്ങിനെ അവതരിപ്പിച്ചുവെന്ന് നോക്കേണ്ടി വരും. സിനിമയുടെ പേരിലുള്ള ലവിനെയും ആക്ഷനെയും ഡ്രാമയെയും ഭരിയ്ക്കുന്നത് കോമഡിയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ ഇവ മൂന്നിനെയും ബാലന്‍സ് ചെയ്യാന്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുകയാണ് കോമഡി. ആ മാരത്തണ്‍ പരിശ്രമത്തിനൊടുവില്‍ വിയര്‍ത്തുകുളിച്ച് ഒരു പ്രതികരണത്തിനായി പ്രേക്ഷനെ നോക്കിനില്‍ക്കുന്ന കോമഡിയെ ആര്‍ക്കും ഒന്ന് കയ്യടിച്ച് അഭിനന്ദിക്കാന്‍ തോന്നും. 

നിവിന്‍ പോളിയും അജു വര്‍ഗീസുമാണ് കോമഡിയുടെ ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ധ്യാനിനെ ആവാഹിച്ച നിവിനെയാണ് ചിത്രത്തില്‍ ഭൂരിഭാഗവും കാണാന്‍ സാധിക്കുന്നത്. നിവിന്‍ അവതരിപ്പിച്ച ദിനേശന്റെ മാനറിസങ്ങളെല്ലാം ധ്യാനിനെ അനുസ്മരിപ്പിക്കുന്നുണ്ട്. ഈ മാനറിസങ്ങളിലും സംഭാഷണങ്ങളിലാണ് കോമഡി നിറഞ്ഞിരിക്കുന്നത്. അജുവും കൂടിയെത്തുന്നതോടെ കോമഡി നല്ല ഉഷാറാകും. ആകെ മൊത്തം നല്ല എനര്‍ജറ്റിക്കായാണ് ചിത്രം മുന്നോട്ടു പോകുന്നത്.

ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ നയന്‍ താരയുടെ അത്ര ശക്തമല്ലാത്ത പ്രകടനമാണ് ലവ് ആക്ഷന്‍ ഡ്രാമയിലേത്. അവരുടെ സ്‌ക്രീന്‍ പ്രസന്‍സ് നന്നായി ഉപയോഗിച്ചു എന്നതിനപ്പുറം ഒന്നും തന്നെ നയന്‍താരയ്ക്ക് ഈ ചിത്രത്തില്‍ ചെയ്യാനുണ്ടായിരുന്നില്ല. പലപ്പോഴും ശോഭയെന്ന കഥാപാത്രത്തിന് ഒരു വ്യക്തതക്കുറവ് അനുഭവപ്പെട്ടു. ദിനേശന്റെ ദുശ്ശീലങ്ങളെ എതിര്‍ത്തിരുന്ന, കല്യാണത്തെ പേടിയ്ക്കുന്ന ശോഭ, ദിനേശനോട് കല്യാണം കഴിയിക്കാന്‍ അങ്ങോട്ട് ആവശ്യപ്പെടുന്നതിനൊന്നും കൃത്യമായ കാരണം സിനിമ പറയുന്നില്ല. ദിനേശന്റെ പ്രണയത്തെ ശോഭ സ്വീകരിയ്ക്കുന്ന രംഗമൊന്നും ചിത്രത്തിലില്ല. ഇത്തരത്തില്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത ചിത്രീകരിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ല. അതോടൊപ്പം കാലഘട്ടങ്ങളെ മുന്നോട്ടും പിന്നോട്ടും ഓടിച്ചുകൊണ്ടുള്ള അവതരണം ഒഴിവാക്കാമായിരുന്നു. കഥയുടെ ഒഴുക്കിനെയാണ് അത് സാരമായി ബാധിച്ചത്. 

ആക്ഷന്‍ എന്നത് അവസാന രംഗങ്ങളില്‍ മാത്രമേയുള്ളു. പക്ഷേ, അത് കിടുക്കാച്ചിയായിരുന്നു. പ്രത്യേകിച്ച് റെയ്ഹാന്‍ എന്ന കഥാപാത്രത്തിന്റെ രംഗങ്ങള്‍ ആക്ഷനില്‍ കോമഡിയുടെ മാസ്മരികത തീര്‍ത്തു. കോമഡിയില്‍ മുക്കിയ ഡ്രാമ തന്നെയാണ് ചിത്രത്തിന്റെ ജീവന്‍. അവ ആസ്വാദ്യകരമായിരുന്നു എന്നതില്‍ സംശയമൊന്നുമില്ല. പക്ഷേ അതില്‍ മാത്രം ഫോക്കസ് ചെയ്തപ്പോള്‍ കഥയുടെ ശക്തി ചോര്‍ന്നുപോയെന്ന് മാത്രം. അങ്ങിനെ വന്നപ്പോള്‍ ഒരു കോമഡി പരിപാടിയുടെ ഫോര്‍മാറ്റ് സിനിമയില്‍ മുഴച്ചു നിന്നു. 

കളര്‍ഫുളാണ് ചിത്രം. വൈലറ്റും ചുമപ്പും നീലയും മഞ്ഞയും എന്നിങ്ങിനെ ഓരോ ഫ്രെയിമിലും നിറങ്ങള്‍ എടുത്തുനില്‍ക്കുന്നുണ്ട്. പുകവലിയും മദ്യപാനവും മിന്നിയും തുള്ളിയും കളിക്കുന്ന ദീപാലങ്കാരങ്ങളും ഏറെയുള്ളതിനാല്‍ ആകെ മൊത്തത്തില്‍ ആഘോഷത്തിന്റെ ഓളമാണ് പ്രകടമാകുന്നത്. ഗാനങ്ങളില്‍ കുടുക്കു പൊട്ടിയ കുപ്പായം എന്ന പാട്ടും അത് ആക്ഷന്‍ രംഗങ്ങളില്‍ പശ്ചാത്തലമായി ചേര്‍ത്തതും ഗംഭീരമായിരുന്നു. മറ്റുള്ള പാട്ടുകള്‍ അത്ര രസകരമായി തോന്നിയില്ല. കഥാപാത്രങ്ങളില്‍ രഞ്ജി പണിക്കര്‍, മല്ലിക സുകുമാരന്‍, വിനീത് ശ്രീനിവാസന്‍, ജൂഡ് ആന്റണി ജോസഫ്, മൊട്ട രാജേന്ദ്രന്‍, ബിജു സോപാനം എന്നിവരെല്ലാം കോമഡിയുടെ ട്രാക്കില്‍ തങ്ങളുടെ വണ്ടി മനോഹരമായി ഓടിച്ചു. 

സംവിധായകനായുള്ള ധ്യാനിന്റെ അരങ്ങേറ്റം മോശമല്ലായിരുന്നു. കഥയിലെ പോരായ്മകളും കഥാപാത്രങ്ങളുടെ വ്യക്തതക്കുറവും ഒഴിച്ചാല്‍ നല്ലൊരു കോമഡി ചിത്രം തന്നെയാണ് ലവ് ആക്ഷന്‍ ഡ്രാമ. ആദ്യാവസാനം മുഷിപ്പില്ലാതെ, ഒരു തവണ സന്തോഷത്തോടെ കണ്ടിരിക്കാം.