• 23 Sep 2019
  • 07: 09 AM
Latest News arrow

കോളേജിലെ ഓണാഘോഷം അതിരുവിട്ടു: അമ്മയ്ക്കും മകനും പരിക്ക്; താക്കീതുമായി മന്ത്രി

തിരുവനന്തപുരം: പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ ഓണാഘോഷ പരിപാടികള്‍ക്കിടെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇരുചക്ര വാഹനക്കാരായ അമ്മയ്ക്കും മകനുമാണ് പരിക്കേറ്റത്. കോളജിലെ ഓണാഘോഷം ക്യാമ്പസില്‍ നിന്ന് തെരുവിലേക്ക് ഇറങ്ങിയതോടെയാണ് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു. വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കണ്ടാലാറിയാവുന്ന 100 വിദ്യാര്‍ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. ഓണാഘോഷ പരിപാടികള്‍ അതിരുകടക്കരുതെന്ന് മന്ത്രി വ്യക്തമാക്കി. ഓണവുമായി ബന്ധപ്പെട്ട് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശമുള്ളത്.

ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണിതെന്ന് വിദ്യാര്‍ഥികളും അധ്യാപകരും ഓര്‍ക്കണമെന്നും സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പ്രിന്‍സിപ്പല്‍മാര്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.