• 23 Sep 2019
  • 07: 05 AM
Latest News arrow

'ബുക്കര്‍ പുരസ്‌കാര'ത്തിന്റെ ചുരുക്കപ്പട്ടികയായി; റുഷ്ദി പട്ടികയിൽ

ലണ്ടന്‍: ഇംഗ്ലണ്ടിലോ അയര്‍ലൻഡിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകള്‍ക്ക് വര്‍ഷം തോറും നൽകിവരാറുള്ള വിഖ്യാതമായ 'ബുക്കര്‍ പുരസ്‌കാര'ത്തിന്റെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജനായ സല്‍മാന്‍ റുഷ്ദി, കനേഡിയൻ എഴുത്തുകാരി മാര്‍ഗ്രറ്റ് അറ്റ്‌വുഡ് എന്നിവരടക്കം ആറ് എഴുത്തുകാര്‍ പട്ടികയില്‍ ഇടം പിടിച്ചു. ലൂസി എല്‍മാന്‍, ബെര്‍ണാര്‍ഡിന്‍ എവറിസ്റ്റോ, ചിഗോസി ഒബിയോമ, എലിഫ് ഷഫാക് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍. 13 പേരുള്ള ദീർഘപ്പട്ടികയിൽ നിന്നാണ് 6 പേരെ തിരഞ്ഞെടുത്തത്.

സല്‍മാന്‍ റുഷ്ദി, ഡോണ്‍ ക്വിക്‌സോട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ 'ക്വിഷോട്ട്' എന്ന പുസ്തകമാണ് പട്ടികയില്‍ ഇടം നേടിയത്.  'ദ ടെസ്റ്റമെന്റ്സ്'  എന്ന പുസ്തകമാണ്  മാര്‍ഗ്രറ്റ്  അറ്റ് വുഡിന് പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. ഇരുവരും നേരത്തെ ബുക്കര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

'10 മിനിറ്റ്സ് 38 സെക്കന്‍ഡ്‌സ് ഇന്‍ ദിസ് സ്ട്രേഞ്ച് വേള്‍ഡ്' എന്ന നോവലാണ് തുര്‍ക്കിഷ് എഴുത്തുകാരി എലിഫ് ഷഫാകിനെ പട്ടികയില്‍ എത്തിച്ചത്.

'ഗേള്‍, വുമന്‍, അദര്‍' എന്ന നോവല്‍ ബെര്‍ണാര്‍ഡിന്‍ എവറിസ്റ്റോയ്ക്കും 'ആന്‍ ഓര്‍ക്കെസ്ട്ര ഓഫ് മൈനോറിറ്റീസ്' ചിഗോസി ഒബിയോമയ്ക്കും 'ഡക്‌സ്, ന്യൂബറിപോര്‍ട്ട്' എന്ന  നോവല്‍ ലൂസി എല്‍മാനും പട്ടികയില്‍ ഇടം നേടിക്കൊടുത്തു.

ഹേ ഫെസ്റ്റിവലിന്റെ സ്ഥാപകനും ഡയറക്ടറുമായ പീറ്റര്‍ ഫ്ലോറൻസ് അധ്യക്ഷനും, പബ്ലിഷറും എഡിറ്ററുമായ ലിസ് കള്‍ഡര്‍, നോവലിസ്റ്റും ഫിലിം മേക്കറുമായ ഷിയോലു ഗുവോ, എഴുത്തുകാരിയും ബ്രോഡ്കാസ്റ്ററും ബാരിസ്റ്ററുമായ അഫുവ ഹിര്‍ഷ്, പിയാനിസ്റ്റും കംപോസറുമായ ജൊവന്ന മക് ഗ്രെഗര്‍ എന്നിവർ അംഗങ്ങളുമായ പുരസ്‌ക്കാര നിർണ്ണയസമിതിയാണ് പുസ്തകങ്ങൾ തിരഞ്ഞെടുത്തത്.

ഒക്ടോബര്‍ 14 ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം പ്രഖ്യാപിക്കും. പുരസ്‌കാര ജേതാവിന് 50,000 ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ബാക്കി അഞ്ചുപേർക്ക് 2,500 ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗും ലഭിക്കും.