ഫിഫ ലോകകപ്പ് ഖത്തർ-2022: ലോഗോ പ്രകാശനം ചെയ്തു

ദോഹ: 2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച ഖത്തര്‍ സമയം വൈകീട്ട് 8.22നാണ് ഔദ്യോഗിക ലോഗോ പ്രകാശനച്ചടങ്ങ് നടന്നത്. രാജ്യാന്തര ഡിജിറ്റല്‍ ക്യാംപെയ്ന്‍ വഴി സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് ലോഗോ പ്രകാശനം ചെയ്തത്. ബുര്‍ജ് ദോഹ, കത്താറ കള്‍ച്ചറല്‍ വില്ലേജ് അംഫിതിയറ്റര്‍, സൂഖ് വാഖിഫ്, അല്‍ സുബറാഹ് കോട്ട എന്നിവിടങ്ങളിലാണ് ലോഗോ പ്രകാശനം ചെയ്തത്.
ദോഹയില്‍ പ്രധാനപ്പെട്ട 7 ഇടങ്ങളിലായി ലോഗോ പ്രദര്‍ശനം തല്‍സമയം കാണാന്‍ സൗകര്യമൊരുക്കിയിരുന്നു. ഇവിടങ്ങളിൽ ഒരേ സമയം വലിയ പ്രോജക്ടര്‍ ഉപയോഗിച്ച് ലോഗോ അവതരിപ്പിച്ചു.
ഇതേ സമയം തന്നെ ലോകത്തിലെ പ്രധാനപ്പെട്ട 24 നഗരങ്ങളിലും ലോഗോ പ്രകാശനം ചെയ്തു. ലണ്ടന്‍, ജോഹന്നാസ്ബര്‍ഗ്, മെക്സിക്കോ സിറ്റി, മുംബൈ, പാരീസ് എന്നീ നഗരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
വ്യത്യസ്ത ഭാഷകളിലും മതങ്ങളിലും സംസ്‌കാരത്തിലും ദേശങ്ങളിലുമുള്ള ലോകജനതയെ ഒരുമിച്ച് ചേര്‍ക്കുന്നതില്‍ ഫുട്‌ബോള്‍ എന്ന കായിക മത്സരത്തിന്റെ ശക്തി ഉയര്‍ത്തിക്കാട്ടുന്നതാണ് ലോഗോ എന്ന് സംഘാടകർ പറഞ്ഞു.
ഖത്തര്‍ ദേശീയ പതാകയിലെ നിറങ്ങള്‍ ഉപയോഗിച്ചാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലോകകപ്പ് സംഘാടകര്‍ പറയും പ്രകാരം ലോകകപ്പ് നടത്തപ്പെടുന്ന എട്ട് സ്റ്റേഡിയങ്ങള്‍, മരുഭൂമിയിലെ മണല്‍ക്കുന്നുകളുടെ ഉയര്‍ച്ച താഴ്‌ച്ചകള്‍, ഒപ്പം ഇന്‍ഫിനിറ്റി സിംബൽ എന്നിവ സൂചിപ്പിക്കുന്നതാണ് ലോഗോ.
അറബ് സംസ്‌കാരവും ലോഗോ പ്രതിഫലിപ്പിക്കുന്നു. മരുഭൂമിയിലെ മണല്‍ക്കൂനകളുടെ ഉയര്‍ച്ചതാഴ്ചകളെ പ്രതിനിധീകരിക്കുന്ന എട്ടിന്റെ ആകൃതിയിലുള്ള ഡിസൈന്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന 8 സ്റ്റേഡിയങ്ങളേയും പ്രതിനിധാനം ചെയ്യുന്നു. ശൈത്യകാലത്ത് ഉപയോഗിക്കുന്ന പരമ്പരാഗത കമ്പിളി ഷാളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ലോഗോയുടെ മധ്യഭാഗം. ഫിഫ ലോകകപ്പ് ട്രോഫിയുടെ രൂപത്തേയും ചിഹ്‌നം പ്രതിനിധാനം ചെയ്യുന്നു.
22-മത് ലോകകപ്പിനാണ് ആദ്യമായി ഒരു അറേബ്യന്‍ രാജ്യം ആതിഥേയരാകുന്നത്. 2022 നവംബര്‍ 21 മുതല്‍ 2022 ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുക. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണ് ഫൈനല്‍ മത്സരം നടക്കുക.