• 04 Oct 2023
  • 07: 05 PM
Latest News arrow

ചന്ദ്രനോട് കൂടുതല്‍ അടുത്ത് വിക്രം ലാന്‍ഡര്‍; ചാന്ദ്രസ്പർശം ശനിയാഴ്ച

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണദൗത്യമായ 'ചന്ദ്രയാന്‍-2' ലെ,  'ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്താന്‍ രൂപീകരിച്ച വിക്രം ലാന്‍ഡര്‍ ചന്ദ്രനോട് കൂടുതല്‍ അടുത്തെത്തി. ഇന്ന് പുലര്‍ച്ചെ 3.42ന് ലാന്‍ഡറിനെ ചന്ദ്രനോട് ചേര്‍ന്ന് കിടക്കുന്ന ഭ്രമണപഥത്തിലെത്തിച്ചു. ലാന്‍ഡറിലെ പ്രത്യേക പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ്  കുറഞ്ഞ ദൂരം 35 കിലോമീറ്ററും കൂടിയ ദൂരം 101 കിലോമീറ്ററും ഉള്ള  ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ഒമ്പത് സെക്കന്‍ഡ് മാത്രമാണ് ഇതിനായ് എടുത്തതെന്ന് ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതെ സമയം ചന്ദ്രയാൻ-2 ഓർബിറ്റർ കുറഞ്ഞ ദൂരം 96 കിലോമീറ്ററും കൂടിയ ദൂരം 125 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിൽ തുടരുകയാണ്.  

ശനിയാഴ്ച പുലര്‍ച്ചെ നടത്തുന്ന അടുത്ത ഘട്ടത്തിലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ കാലുകുത്തും. പുലര്‍ച്ചെയാണ്  ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഏറ്റവും നിര്‍ണായകവും സങ്കീര്‍ണവുമായ സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയച്ചിരിക്കുന്നത്. ലാന്‍ഡിങ്ങിനുള്ള കൃത്യം സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. 

സെപ്റ്റംബർ ഏഴിന് ശനിയാഴ്ച പുലര്‍ച്ചെ 1.30-നും 2.30-നുമിടയില്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കാൻ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഈ പ്രദേശത്തിന്‍റെ കൃത്യമായ മാപ്പ് തയ്യാറാക്കാൻ ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നൽകുന്ന ചിത്രങ്ങൾ ഉപയോഗിക്കും. തുടർന്ന് ലാൻഡിംഗിനാവശ്യമായ നിർദ്ദേശങ്ങൾ വിക്രം ലാൻഡറിലേക്കയക്കും.

ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തില്‍ 'വിക്രം ലാന്‍ഡറി'നെ 'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികതയിലൂടെ ഇറക്കിക്കഴിഞ്ഞാല്‍ നാലുമണിക്കൂറിനുള്ളില്‍ 'ലാന്‍ഡറി'നുള്ളില്‍നിന്ന് ' 'പ്രഖ്യാൻ റോവര്‍' (ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പഠനങ്ങള്‍ നടത്താനുള്ള ഘടകം) പുറത്തിറങ്ങും.

ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വർക്ക് കേന്ദ്രമാണ് 'ചന്ദ്രയാന്‍-2' പേടകത്തെ നിയന്ത്രിക്കുന്നത്. നിലവിൽ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ; ദക്ഷിണ ധ്രുവപ്രദേശത്തിറങ്ങുന്ന ആദ്യ രാജ്യവും.