• 08 Jun 2023
  • 06: 01 PM
Latest News arrow

വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്; ഐ.സി.സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്

കിംഗ്‌സ്റ്റണ്‍ (ജമൈക്ക): വെസ്റ്റ് ഇന്‍ഡീസിലെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2-0ന് സ്വന്തമാക്കി ഇന്ത്യ. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായ ആദ്യ പരമ്പരയാണിത്.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 257 റൺസിനാണ്  ജയിച്ചത്. ഇന്ത്യയുടെ 468 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ്  നാലാം ദിനം 210 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. 50 റൺസെടുത്ത ബ്രൂക്ക്സും 23 റൺസുമായി പരിക്കേറ്റ് മടങ്ങിയ ബ്രാവോയും 38 റൺസെടുത്ത ബ്ലാക്ക്‌വുഡും 39 റൺസെടുത്ത ഹോൾഡറും മാത്രമാണ് പിടിച്ചുനിന്നത്.

ജഡേജയും മൊഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റും ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.

ഈ ജയത്തോടെ,  ഏറ്റവും കൂടുതൽ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടം വിരാട് കോലി സ്വന്തമാക്കി. കിംഗ്സ്റ്റൺ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ നായകനെന്ന നിലയിൽ കോലിയുടെ പേരിൽ 28 ജയങ്ങളായി. 60 ടെസ്റ്റില്‍ 27 ജയങ്ങള്‍ എന്ന എം എസ് ധോണിയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്.

കോലിയുടെ ക്യാപ്റ്റന്‍സിയിൽ ഇന്ത്യ 48 ടെസ്റ്റ് കളിച്ചിട്ടുണ്ട്. കോലിയുടെ 28 ടെസ്റ്റ് ജയങ്ങളില്‍ 13 എണ്ണം ഇന്ത്യക്ക് പുറത്താണെന്ന പ്രത്യേകതയുമുണ്ട്. കോലി നായകനായ 10 ടെസ്റ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ പത്തെണ്ണം സമനിലയായി.  2014-ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് കോലി ടെസ്റ്റ് ടീം നായകപദവി ഏറ്റെടുത്തത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍  ടീം ഇന്ത്യയ്ക്ക് 120 പോയിന്റായി. കളിച്ച പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലും നേടിയ വന്‍ വിജയമാണ് കോലിപ്പടയെ  പട്ടികയില്‍ ഒന്നാംസ്ഥാനത്ത് എത്തിച്ചത്.  60 പോയിന്റ് വീതമുള്ള ന്യൂസിലാന്‍ഡും ശ്രീലങ്കയുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്.