• 02 Jun 2020
  • 04: 21 PM
Latest News arrow

''അയ്യോ.... പാപം പാപം...''; സഭയ്ക്ക് മുമ്പില്‍ ഒരു കുഞ്ഞാടിന്റെ വിലാപം

സഭയെന്നത് കത്തോലിക്ക വിശ്വാസികള്‍ക്ക് പരിശുദ്ധമായ ഒന്നാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ ഒരു കൂട്ടായ്മ. സഭ നയിക്കപ്പെടുന്നത് ത്രിതൈ്വക ദൈവത്തിലെ പരിശുദ്ധാത്മാവിലാണെന്നും വിശ്വസിക്കപ്പെടുന്നു. എന്നാല്‍ പരിശുദ്ധാത്മാവിനെ മാറ്റിനിര്‍ത്തി ചില വ്യക്തികള്‍ സഭയെ നിയന്ത്രിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. 

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍, സഭാ വിശ്വാസികള്‍ പലരും വേദനിച്ചു. ''ഒരു പുരോഹിതനാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്, സഭ ആക്രമിക്കപ്പെടുകയാണ്'' എന്നായിരുന്നു പലരുടെയും വിലാപം. ജയിലില്‍ കഴിയുന്ന ആ പുരോഹിതനെ, ബിഷപ്പിനെ ഓര്‍ത്ത് വിലപിക്കാനും സങ്കടപ്പെടാനും സഭാ മക്കള്‍ക്ക് ഒരു മടിയുമില്ലായിരുന്നു. പുരോഹിതര്‍ വിവിധ കേസുകളില്‍ പ്രതിയാകുന്നതിനെ, സഭയെ അത്രമേല്‍ സ്‌നേഹിക്കുന്നവര്‍, സഭയ്ക്ക് മേലുള്ള തിന്‍മയുടെ ആധിപത്യമായി കണ്ടു. സഭയെ തകര്‍ക്കാനുള്ള വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനങ്ങളായി വിലയിരുത്തി. എന്നാല്‍ ആരും പുരോഹിതരാല്‍ സന്യസ്ത ജീവിതം കളങ്കപ്പെട്ട കന്യാസ്ത്രീകളുടെ നിലവിളിയും കണ്ണീരും കണ്ടില്ല. 

സഭാ മക്കളേ.... പാപം ചെയ്തത് പുരോഹിതനല്ലേ...? ആ പാപത്തിന് ഇരയാക്കപ്പട്ടത് കന്യാസ്ത്രീയല്ലേ... പാപികളോട് ക്ഷമിക്കണമെന്ന ക്രിസ്തുവിന്റെ വചനമാണ് ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ നിങ്ങള്‍ അനുവര്‍ത്തിക്കുന്നതെങ്കില്‍... ആ പുരോഹിതനാല്‍ കളങ്കമാക്കപ്പെട്ട, ആക്രമിക്കപ്പെട്ട കന്യാസ്ത്രീയുടെ കണ്ണീരൊപ്പാന്‍ ഏത് ക്രിസ്തുവചനമാണ് നിങ്ങള്‍ അനുസരിക്കുന്നത്? ആ കന്യാസ്ത്രീയുടെ കണ്ണീരൊപ്പാനും അവള്‍ക്ക് സാന്ത്വനം പകരാനും ചെന്ന സിസ്റ്റര്‍ ലൂസിയോട് നിങ്ങള്‍ എന്താണ് ചെയ്തത്?

സിസ്റ്റര്‍ ലൂസി, സ്വന്തം ശരീരം മരണശേഷം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള സമ്മത പത്രം എഴുതിവെച്ചു. ഇവര്‍ കിഡ്‌നി ദാനം ചെയ്യാനുള്ള അനുമതിയ്ക്ക് അപേക്ഷിച്ചപ്പോള്‍ മേലധികാരികള്‍ അനുവദിച്ചില്ല. ഇതോടെയാണ് തന്റെ ശരീരം മെഡിക്കല്‍ കോളേജിന് പഠിക്കാന്‍ നല്‍കണമെന്ന് മുദ്രപത്രത്തില്‍ എഴുതിവെച്ചത്. തന്റെ കോണ്‍ഗ്രിഗേഷനിലെ 7000 കന്യാസ്ത്രീകള്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ തയ്യാറായാല്‍ പതിനാലായിരം പേര്‍ക്ക് കാഴ്ച കിട്ടിയേനെയെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു. സഹോദരിമാരേ..... സകലതും ഉപേക്ഷിച്ച് ക്രിസ്തുവിന് വേണ്ടി ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച നിങ്ങള്‍ക്ക്, സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് വേണ്ടി പകുത്ത് നല്‍കിയ ക്രൂശിതന്റെ സ്‌നേഹം അനുകരിക്കാന്‍ എന്തിനാണ് ഇത്ര മടി...?

സിസ്റ്റര്‍ ലൂസിയെ നിങ്ങള്‍ മഠത്തില്‍ നിന്ന് പുറത്താക്കി. പതിനെട്ടാം വയസ്സില്‍, ഇനി ക്രിസ്തുവാണ് തന്റെ ജീവിതം, മഠമാണ് തന്റെ വീട് എന്ന് പറഞ്ഞ്, തന്റെ ഉറ്റവരെയും ഉടയവരെയും ത്യജിച്ച് സകലതും ഉപേക്ഷിച്ചിറങ്ങി വന്ന ഒരുവളെ 54-ാം വയസ്സില്‍ നിങ്ങള്‍ തെരുവിലേക്കിറക്കിവിടാന്‍ അവള്‍ എന്ത് തെറ്റു ചെയ്തു? ക്രിസ്തുവിനെതിരെ എന്ത് പാപമാണ് അവള്‍ ചെയ്തത്?.. 

കവിതയെഴുതുന്നത് യേശുവിനെതിരായ പാപമാണോ...? ക്രിസ്തുസ്തുതികളുടെ ഗാനശേഖരം സിഡിയാക്കിയിറക്കിയത് പാപമാണോ....? ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നത് യേശുവിനെതിരായ പാപമാണോ..? കാര്‍ വാങ്ങുന്നത് കര്‍ത്താവിനെതിരായ പാപമാണോ...? ചുരിദാര്‍ ധരിക്കുന്നത് ത്രിതൈ്വക ദൈവത്തിനെതിരായ പാപമാണോ.....? ക്രിസ്തുദാസികളേ... സഹോദരിമാരേ... ക്രിസ്തുവിന്റെ സ്‌നേഹത്തെയും പാപത്തെയും മനസ്സിലാക്കുന്നതില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു.

കാരയ്ക്കാമലയിലെ മഠത്തിനുള്ളിലെ മുറിയിലെവിടെയോ തടവ്പുള്ളിയെപ്പോലെ കഴിയുന്ന സിസ്റ്റര്‍ ലൂസി. മഠത്തിന് പുറത്ത് വിവിധയിടങ്ങളില്‍ പത്തോളം സിസിടിവി  ക്യാമറകള്‍ വെച്ചിരിക്കുന്നു. മുന്‍വശത്തെ വാതില്‍ അകത്തുനിന്നും പൂട്ടിയിരിക്കുന്നു. കോളിങ് ബെല്ലടിച്ചാല്‍ ആരും വന്ന് വാതില്‍ തുറക്കില്ല. പിന്നെയുള്ളത് പിന്‍വശത്തെ വാതിലാണ്. അവിടെയും തുറിച്ച് നോക്കുന്ന സിസിടിവി ക്യാമറകള്‍. സിസ്റ്റര്‍ ലൂസി കുളിക്കാന്‍ പോകുന്നതും ടോയ്‌ലറ്റില്‍ പോകുന്നതുമെല്ലാം ഒപ്പിയെടുക്കാന്‍ പാകത്തിന് മുറിയിലും സിസിടിവി ക്യാമറകള്‍.

ഈ കന്യാസ്ത്രീയാരാണ്....? ഭീകരവാദിയോ....? ഇവരുടെ എന്ത് രഹസ്യം ഒപ്പിയെടുക്കാനാണ് ഈ സിസിടിവി ക്യാമറകള്‍....? ഇവര്‍ തുണി മാറുന്നത് കാണാനോ... നിശാവസ്ത്രം ധരിച്ച് ഉറങ്ങുന്നത് കാണാനോ... തുണി കഴുകാന്‍ ഉടുപ്പ് പൊക്കിപ്പിടിച്ച് നടന്നുപോകുന്നത് കാണാനോ...? 

മഠത്തില്‍ നേരത്തെയുണ്ടായിരുന്ന സിസ്റ്റര്‍മാരെയെല്ലാം മാറ്റി. പുതിയ ആളുകളെ കൊണ്ടുവന്നു. അവര്‍ തോന്നിയതുപോലെ സിസ്റ്റര്‍ ലൂസിയോട് പെരുമാറുന്നു. അടുക്കളയില്‍ സഹായിക്കാനുണ്ടായിരുന്ന സ്ത്രീയെ പറഞ്ഞുവിട്ടു. നാല് പേര്‍ അവരുടെ സൗകര്യത്തിന് ഭക്ഷണം വെയ്ക്കും. അഗതിയെപ്പോലെ ഒരു നേരം അതില്‍ നിന്ന് സിസ്റ്റര്‍ ഭക്ഷണം കഴിയ്ക്കും. അല്ലെങ്കില്‍ സിസ്റ്റര്‍ പഠിപ്പിക്കുന്ന മാന്തവാടി ദ്വാരകയിലെ സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ സഹാധ്യാപകര്‍ കൊണ്ടുചെന്ന് കൊടുക്കുന്ന ഭക്ഷണം കഴിയ്ക്കും. ടിവി നശിപ്പിച്ചു. മൊബൈല്‍ ഫോണ്‍ വഴിയാണ് വാര്‍ത്തകള്‍ കാണുന്നത്.  

സിസ്റ്റര്‍ ലൂസിയെ കാണാന്‍ രണ്ട് പത്രപ്രവര്‍ത്തകര്‍ വന്നപ്പോള്‍... അവര്‍ക്ക് മുന്‍ വശത്തെ വാതിലില്‍ കൂടി പ്രവേശനം കിട്ടിയില്ല. സിസ്റ്ററിനെ മഠത്തില്‍ നിന്ന് പുറത്താക്കിയത് മുതല്‍ മുന്‍വാതില്‍ ഉള്ളില്‍ നിന്നും പൂട്ടിയാണ് മറ്റുള്ളവര്‍ പുറത്തുപോകുന്നത്. അതിഥികളെ പുറത്തുനിര്‍ത്തരുതെന്ന മര്യാദയുള്ള ആ കന്യാസ്ത്രീ പിശവശത്തെ വാതിലിലൂടെ അവരെ മഠത്തിനുള്ളിലേക്ക് ക്ഷണിച്ചു. കാരയ്ക്കാമല പള്ളിയിലെ മുഴുവന്‍ അച്ഛന്‍മാരും ഭക്ഷണം കഴിക്കാന്‍ മഠത്തിനുള്ളിലേക്ക് കയറുന്നത് ഈ വഴിയാണ്. എന്നാല്‍ സിസ്റ്ററിനെ ദ്രോഹിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ഇത് ലോട്ടറിയായിരുന്നു..... ഈ ദൃശ്യങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ഓടിക്കളിച്ചു... ആ കന്യാസ്ത്രീയുടെ മേല്‍ പുതിയൊരു പാപം ചാര്‍ത്താനുള്ള ശ്രമം.

കന്യാസ്ത്രീ ചുരിദാര്‍ ധരിച്ചു... ''അയ്യോ...പാപം''. അലമുറയിടുകയാണ് അധികാരികള്‍. ''തിരുവസ്ത്രത്തെ നിന്ദിച്ചില്ലയോ...'' അപ്പോള്‍ അച്ഛന്‍മാര്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നതോ.... ഓ.. അത് അച്ഛന്‍മാരല്ലേ...

സിസ്റ്ററിന് ചുരിദാര്‍ ധരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം?.... പലരും സിസ്റ്റര്‍ ലൂസിയോട് ചോദിച്ചു. അവര്‍ക്ക് പോളിസ്റ്റര്‍ അലര്‍ജിയാണ്. ചൂടുകാലത്ത് ഇത് അസഹ്യമാകും. ശിരോവസ്ത്രത്തിന് കീഴില്‍ നിറുകയില്‍ മുടിയില്ലാതായി. ശാരീരിക അസ്വസ്ഥതകളില്‍ നിന്ന് രക്ഷപ്പെടാന്‍ ചുരിദാറിലേക്ക് മാറാന്‍ അപേക്ഷ കൊടുത്തു. പറ്റില്ലെന്ന് പറഞ്ഞു, അധികാരികള്‍. എന്താ.. കാരണം? ഐക്യം തെറ്റിയാലോ... അല്ലെങ്കില്‍ അത് തിരുവസ്ത്രമല്ലേ... അത് അങ്ങിനെയങ്ങ് ഊരി മാറ്റാന്‍ പറ്റുമോ....? അപ്പോള്‍ അച്ഛന്‍മാരുടെ ളോഹ തിരുവസ്ത്രമല്ലേ... അവര്‍ അത് സൗകര്യാര്‍ത്ഥം ഊരുകയും ഇടുകയും ചെയ്യുന്നുണ്ടോല്ലോ....? ഓ... അവര്‍ അച്ഛന്‍മാരല്ലേ..... 

കേരളത്തിലെ പല സന്യസ്ത സമൂഹമങ്ങളിലെയും കന്യാസ്ത്രീകള്‍ സാരി ധരിക്കാറുണ്ട്. ചിലര്‍ ഒരേ നിറത്തിലുള്ള സാരികള്‍ ധരിക്കുമ്പോള്‍, മറ്റു ചിലര്‍ പല ഡിസൈനിലുമുള്ള സാരികള്‍ ഉപയോഗിക്കുന്നു. ഇറ്റാലിയന്‍ കോണ്‍ഗ്രിഗേഷനിലുള്ള കന്യാസ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വേഷം തെരഞ്ഞെടുക്കാം. കേരളത്തിലെ ചില കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീകളാണ്, തിരുവസ്ത്രം എന്നും പറഞ്ഞ് കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രവും വിലിച്ചുകയറ്റി നടക്കുന്നത്. ഇവരുടെയൊക്കെ വിചാരമെന്താണ്.... സന്യാസം എന്ന് പറയുന്നത് വസ്ത്രത്തിലാണെന്നോ?

കന്യാസ്ത്രീ കാര്‍ വാങ്ങി... 'അയ്യോ.. പാപം''. അപ്പോള്‍ അച്ഛന്‍മാര്‍ കാര്‍ വാങ്ങുന്നുണ്ടല്ലോ....? ഓ... അവര്‍ അച്ഛന്‍മാരല്ലേ....

സിസ്റ്റര്‍ ലൂസി ഡ്രൈവിങ് പഠിക്കാന്‍ അനുവാദം ചോദിച്ചു. നിഷേധിക്കപ്പെട്ടു. പക്ഷേ അവര്‍ ഡ്രൈവിങ് പഠിച്ചു... ''അയ്യോ... മേലധികാരികളെ ധിക്കരിച്ചു.. പാപം... പാപം...''

ലൈസന്‍സ് എടുക്കാനുള്ള അനുവാദം ചോദിച്ചു. നിഷേധിക്കപ്പെട്ടു. കേരളത്തില്‍ എത്രയോ സ്ത്രീകള്‍ കാറും ജീപ്പും സ്‌കൂട്ടറും ഓടിക്കുന്നുണ്ടെന്ന് പറഞ്ഞുനോക്കി. എന്തിനാണ് തനിക്ക് മാത്രം വിലക്കെന്ന് ചോദിച്ചു. ഇല്ല അനുമതിയില്ല. അവസാനം അവര്‍ സ്വയമേ അപേക്ഷിച്ചു. ലൈസന്‍സ് കിട്ടി. ''അയ്യോ.... വീണ്ടും അധികാരികളെ ധിക്കരിച്ചു... പാപം... പാപം''

പിന്നെ സിസ്റ്റര്‍ ലൂസി കാര്‍ വാങ്ങാന്‍ അനുവാദം ചോദിച്ചു. അതും നിഷേധിച്ചു. പക്ഷേ അവര്‍ കാര്‍ വാങ്ങി, വില കുറഞ്ഞ ആള്‍ട്ടോ കെ10. രണ്ട് വര്‍ഷം കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന സിസ്റ്റര്‍ മുഴുവന്‍ സമയ സമൂഹികപ്രവര്‍ത്തനത്തിന് ഒരുങ്ങുകയാണ്. അപ്പോള്‍ ഒരു കാര്‍ അത്യാവശ്യമാണ്. പക്ഷേ... ഈ ന്യായമൊക്കെ ആര്‍ക്ക് കേള്‍ക്കണം. ''സിസ്റ്റര്‍ അധികാരികളെ അനുസരിച്ചില്ല.... പാപം.. പാപം.''

സിസ്റ്റര്‍ ലൂസി.... നിങ്ങള്‍ കൊടുംപാപിയാണ്... കാരണം നിങ്ങള്‍ കവിതയെഴുതി... മഠം അധികാരികള്‍ പീഡിപ്പിച്ചാല്‍ നിങ്ങള്‍ കവിതയെഴുതി ആ വേദനയെ മറികടക്കുന്നത് പാപമല്ലേ... '' മനുഷ്യാ, നീയാണ് മതമെന്നറിയുക, നിന്നുടെ മനമല്ലേ ദേവാലയം'', എന്നെഴുതിയത് പാപമല്ലേ... 

പിന്നെ നിങ്ങള്‍ ഭക്തിഗാനങ്ങളെഴുതി, അത് സിഡിയാക്കാന്‍ ആഗ്രഹിച്ചു. അങ്ങിനെ നിങ്ങള്‍ പാപം ചെയ്തു. അതുകൊണ്ടല്ലേ...കവിത പ്രസിദ്ധപ്പെടുത്താന്‍ അധികാരികള്‍ നിങ്ങള്‍ക്ക് അനുമതി നിഷേധിച്ചത്... കവിതയെഴുതുക എന്ന പാപത്തില്‍ നിന്നും നിങ്ങളെ രക്ഷിക്കാനല്ലേ അധികാരികള്‍ ശ്രമിച്ചത്.....?

എന്നാല്‍ കവിതയെഴുതുന്നതിനെ നിങ്ങള്‍ പാപമായി കണ്ടില്ല.... സ്വന്തം ശമ്പളത്തില്‍ നിന്ന് പണം മുടക്കി കവിതാസമാഹാരം അച്ചടിപ്പിച്ചു, പ്രസില്‍ വെച്ച് തന്നെ പുസ്തകം ലളിതമായി പ്രകാശനം ചെയ്തു. ''അയ്യോ... കൊടുംപാപി....''

ആ കവിതാ സമാഹാരം ആരും വാങ്ങരുതെന്ന് മാന്തവാടി രൂപത മുഴുവന്‍ സഭ കര്‍ശന നിര്‍ദേശം നല്‍കി. ഒരു കന്യാസ്ത്രീയുടെ മനോവേദനകള്‍ ലോകം അറിഞ്ഞാല്‍.... ദൈവത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമുള്ള അവരുടെ ഭാവനകള്‍ ആളുകള്‍ വായിച്ചാല്‍... സഭയെ ആക്രമിക്കാനൊരുമ്പെടുന്നവര്‍ക്ക് അതൊരു ചട്ടുകമാകില്ലേ... സഭ തകരില്ലേ.....

അധികാരികളേ... രക്തസാക്ഷികളുടെ ചുടുനിണം വീണ മണ്ണില്‍ നിന്നും ഉയിര്‍ക്കൊണ്ട സഭ, ക്രിസ്തുവിന്റെ ശരീരമെന്ന് വിശ്വസിക്കപ്പെടുന്ന സഭ, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭ, ഒരു കന്യാസ്ത്രീയുടെ കവിതകളാല്‍ നാമാവശേഷമാകുമെന്ന അബദ്ധധാരണ നിങ്ങള്‍ക്കെവിടെ നിന്നുണ്ടായി....? 

താനെഴുതിയ ഭക്തിഗാനങ്ങള്‍ സിഡിയാക്കാന്‍ ആ സിസ്റ്റര്‍ ആഗ്രഹിച്ചത് തന്നെ പാപമാണല്ലേ....? പ്രൊവിഷ്യാളിന്റെ ചുമതല വഹിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് കൂടിയായ സിസ്റ്റര്‍ സ്റ്റെഫിനയോടാണ് സിഡി ഇറക്കാനുള്ള അനുമതി സിസ്റ്റര്‍ ലൂസി ചോദിച്ചത്. എന്നാല്‍ വിദ്യാസമ്പന്നയായ സിസ്റ്റര്‍ അത് നിഷേധിച്ചു. എത്രയോ അച്ഛന്‍മാര്‍ ഇവിടെ ഭക്തിഗാനങ്ങളുടെ സിഡികള്‍ ഇറക്കുന്നു...? എന്താണ് ഈ കന്യാസ്ത്രീയ്ക്ക് മാത്രം നിങ്ങള്‍ അനുമതി നിഷേധിക്കുന്നത്?

സാമൂഹിക പ്രവര്‍ത്തകനും കര്‍ഷകനുമായ ഒരു അപ്പന്റെ മകള്‍. കൊച്ചിലേ മുതലേ സാമൂഹിക പ്രവര്‍ത്തകയാകണമെന്നായിരുന്നു അവളുടെ ആഗ്രഹം. മുഴുവന്‍ സമയവും സമൂഹത്തിനായി ജീവിക്കാന്‍ അവള്‍ തെരഞ്ഞെടുത്ത വഴിയായിരുന്നു സന്യസ്ഥ ജീവിതം. കടുത്ത എതിര്‍പ്പുകളെ വകവെയ്ക്കാതെ ലൂസി, ഫ്രാന്‍സിസ്‌കന്‍ ക്ലളരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്ന് സിസ്റ്റര്‍ ലൂസിയായി. ഇപ്പോള്‍ 34 വര്‍ഷത്തെ സേവനജീവിതം പിന്നിടുമ്പോള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. 

ഒരു പുരോഹിതന്‍ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക്, സഹപ്രവര്‍ത്തകയ്ക്ക്, സഹോദരിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി സംസാരിച്ചു. അവിടെ തുടങ്ങിയതാണ്. ഇപ്പോള്‍ മഠത്തില്‍ നിന്ന് തന്നെ ബഹിഷ്‌കൃതയായിരിക്കുന്നു. സഭാ അധികാരികള്‍ക്കും സഹകന്യാസ്ത്രീകള്‍ക്കും വെറുക്കപ്പെട്ടവളായി മാറിയിരിക്കുന്നു. പ്രീഡിഗ്രിക്കാലം മുതല്‍ ഒപ്പമുണ്ടായിരുന്ന ആത്മസുഹൃത്ത് എല്ലാത്തിനും ചുക്കാന്‍ പിടിയ്ക്കുന്നു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ മാന്തവാടി സെയ്ന്റ് മേരീസ് പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയറായ ഈ കന്യാസ്ത്രീയുമായി പങ്കുവെയ്ക്കാത്ത രഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു. തങ്ങള്‍ മാത്രമല്ല, തങ്ങളുടെ വീട്ടുകാര്‍ തമ്മിലും നല്ല അടുപ്പത്തിലായിരുന്നു. ഒരു കുടുംബം മാതിരിയായിരുന്നു. ഒരുമിച്ചാണ് തങ്ങള്‍ ഇരുവരും മഠത്തില്‍ ചേര്‍ന്നത്. തന്റെ അമ്മയെ ആ സിസ്റ്ററും അമ്മയെന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാം മാറി. അമ്മേയെന്ന് വിളിച്ചിരുന്നിടത്ത് ചേട്ടത്തി എന്നായി വിളി. തന്റെ ഈ ഉറ്റസുഹൃത്ത് തന്നെയാണ് വീട്ടുകാരെ വിളിച്ച് തന്നെ മഠത്തില്‍ നിന്ന് കൊണ്ടുപൊയ്‌ക്കൊള്ളാന്‍ കത്തെഴുതിയതെന്നും കണ്ണീരോടെ സിസ്റ്റര്‍ ലൂസി പറയുന്നു. 

സഭാ അധികാരികളേ... സഭാ മക്കളേ.... എന്താണിത്? ഇത്രമാത്രം അപഹസിക്കപ്പെടാന്‍ ഈ കന്യാസ്ത്രീ ചെയ്ത പാപമെന്താണ്?... ''പാപം... പാപം...'' എന്ന് പറഞ്ഞ് നിങ്ങള്‍ അലറുന്നതൊന്നും പാപമല്ലെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാം. പേടിയാണ് നിങ്ങളെ ഭരിക്കുന്നത്. സഭ തകരുമെന്ന പേടി. 

ക്രിസ്തുവിന്റെ വചനം ചിന്തയിലും മനോഭാവങ്ങളിലും ജീവിതശൈലിയിലും സ്വീകരിച്ച, സ്‌നേഹനിര്‍ഭരമായ മാനുഷിക ബന്ധങ്ങളില്‍ അടിയുറച്ച, എല്ലാം പരസ്പരം പങ്കുവെയ്ക്കാന്‍ തയ്യാറായ, വി.കുര്‍ബാനയിലൂടെ ശക്തി പ്രാപിച്ച, പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ ചൈതന്യം പ്രകാശിക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയെയാണ് നിങ്ങള്‍ സഭയെന്ന് വിളിക്കുന്നതെങ്കില്‍ മേല്‍പ്പറഞ്ഞ പേടി നിങ്ങള്‍ക്ക് വേണ്ട. അതല്ല, പൗരോഹിത്യത്തിന്റെ ഭൗതിക അധികാരത്തിലും നിയന്ത്രണങ്ങളുടെ ചട്ടക്കൂടില്‍ വിറങ്ങലിക്കുന്ന സന്യാസി ജീവിതത്തിലും അംബരചുംബികളായ ദേവാലയങ്ങളിലും ബിഷപ്പ് മന്ദിരങ്ങളിലും വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങളിലും ക്രിസ്തുവിന്റെ കുടിയിരുത്തിയുണ്ടാക്കിയെ സഭയെന്ന പേര് തകരുമെന്നാണെങ്കില്‍... അത് തകരുന്നത് തന്നെയാണ് നല്ലത്.

 

 

Editors Choice