ഒരു പേരിൽ എല്ലാം ഉണ്ടത്രേ!

ഗുരുവായൂർ: ഒരു പേരിലെന്തിരിക്കുന്നു എന്ന് കാലങ്ങളായി പലരും ചോദിക്കുന്നതാണ്. എന്നാൽ ഒരു പേരിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നാണ് എൽ.ഡി.എഫ് ഭരിക്കുന്ന ഗുരുവായൂർ നഗരസഭയിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഒരാളെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെയൊക്കെ പേരുകൊണ്ട് തരം തിരിക്കാവുന്ന ഒരു കാലത്താണോ നാം ജീവിക്കുന്നത് എന്നൊരു ചോദ്യം ഗുരുവായൂരിൽ നിന്നുള്ള ഈ വർത്തമാനം കേൾക്കുമ്പോൾ ആർക്കായാലും തോന്നാം.
പരേതനായ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ കെ. ജയചന്ദ്രന്റെയും അഡ്വ. ആനന്ദകനകത്തിന്റെയും മകളുടെ പേര് ക്രിസ്റ്റീന എമ്പ്രസ് എന്നാണ്. ആഗസ്റ്റ് 24-നാണ് ഗുരുവായൂർ ക്ഷേത്രസന്നിധിൽ ക്രിസ്റ്റീനയുടെയും ദീപക് രാജിന്റെയും വിവാഹം നടന്നത്. വിവാഹസൽക്കാരം ഗുരുവായൂരും കോഴിക്കോട്ടുമായിരുന്നു. എല്ലാം കഴിഞ്ഞു വിവാഹസർട്ടിഫിക്കറ്റിനായി നഗരസഭയെ സമീപിച്ചപ്പോഴായിരുന്നു 'ക്രിസ്റ്റീന' എന്ന പേര് നഗരസഭാ ഉദ്യോഗസ്ഥരുടെ കണ്ണിലുടക്കിയത്. ഇതാണ് പേരെങ്കിൽ ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് വിവാഹ രജിസ്ട്രേഷൻ വിഭാഗം ആവശ്യപ്പെട്ടു. വിവാഹം രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകളടക്കമാണ് എത്തിയതെങ്കിലും മതം കാണിക്കുന്ന രേഖ ഇവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല. തിരിച്ചറിയൽ രേഖയായി ക്രിസ്റ്റീന കൊണ്ടുവന്നത് പാസ്പോർട്ടിന്റെ പകർപ്പ് ആണ്.
സാക്ഷിയായി എത്തിയത് ജയചന്ദ്രന്റെ സുഹൃത്ത് കൂടിയായ വേണു എടക്കഴിയൂരാണ്. അദ്ദേഹവും നഗരസഭാ കൗൺസിലർ സുരേഷ് വാര്യരും രജിസ്ട്രേഷൻ വിഭാഗത്തിലുള്ളവരോട് സംസാരിച്ചിട്ടും കാര്യമൊന്നുമുണ്ടായില്ല. വിവാഹ രജിസ്ട്രേഷൻ അപേക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടായാൽ മാറ്റിവെയ്ക്കാനുള്ള വിവേചനാധികാരമുണ്ടെന്നാണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ഗുരുവായൂർ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ നഗരസഭാ അധികാരികളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഒടുവിൽ വിവാഹം രജിസ്റ്റർ ചെയ്യാതെ നവദമ്പതികൾ കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു. ഇനി ഹിന്ദുവെന്ന് തെളിയിക്കുന്ന രേഖകളുമായെത്തി വേണം രജിസ്റ്റർ ചെയ്യാൻ. അതിനിടെ ചൊവ്വാഴ്ചത്തെ ഗുരുവായൂർ നഗരസഭാ കൗൺസിൽ യോഗം ഇക്കാര്യം ചൂടോടെ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്.
ക്രിസ്റ്റീനയുടെ എസ്.എസ്.എൽ.സി ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത് ഹിന്ദു എന്നാണെന്ന് ജയചന്ദ്രന്റെ ഭാര്യ ആനന്ദകനകം പറയുന്നു. മതം ചേർക്കരുതെന്ന ജയചന്ദ്രന്റെ ആവശ്യം അവഗണിച്ച് സ്കൂൾ അധികൃതർ ഹിന്ദു എന്ന് ചേർക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. എന്തായാലും ജോലിസ്ഥലമായ കാനഡയ്ക്ക് തിരിച്ചുപോകുന്നതിന് മുൻപ് ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമോ എന്നറിയാനാണ് നവദമ്പതികൾ കാത്തിരിക്കുന്നത്.
കൗതുകമുള്ള നിരവധി പേരുകൾ മലയാളി സമൂഹത്തിലുണ്ട്. വ്ലാദിമിർ ലെനിനും, സ്റ്റാലിനും, മാർക്സും, എംഗൽസും സോക്രട്ടീസും പുഷ്കിനും അരിസ്റ്റോട്ടിലും ചെക്കോവുമൊക്കെ നമുക്കു ചുറ്റുമുണ്ട്. ഇങ്ങനെ, പുറമെ പുരോഗമനം പറയുന്ന പഴഞ്ചൻ ഉദ്യോഗസ്ഥരുടെ മുന്നിൽ ചെന്ന് ചാടേണ്ടി വരുമ്പോൾ ഈ സംഭവം ഓർക്കാവുന്നതാണ്.
വേണു എടക്കഴിയൂർ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചതോടെയാണ് ഇക്കാര്യം പൊതുജനം അറിഞ്ഞത്. മേൽപറഞ്ഞ സംഭവം സംബന്ധിച്ച് വേണു എടക്കഴിയൂരിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: