• 29 Sep 2022
  • 07: 13 AM
Latest News arrow

'വിക്രം ലാൻഡറി'ന്‍റെ ആദ്യ ഭ്രമണപഥം താഴ്‌ത്തൽ വിജയകരം; ചന്ദ്രനിലെത്താൻ ഇനി നാല് നാൾ

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണദൗത്യമായ 'ചന്ദ്രയാന്‍-2' ലെ 'വിക്രം ലാൻഡറി'ന്‍റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ 08:50ന് നാല് സെക്കൻഡ് നേരം വിക്രം ലാൻഡറിലെ പ്രൊപ്പൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥമാറ്റം പൂർത്തിയാക്കിയത്.

നിലവിൽ ചന്ദ്രനിൽ നിന്ന് 104 കിലോമീറ്റർ അടുത്ത ദൂരവും 128 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോഴുള്ളത് . ബുധനാഴ്ച (നാളെ) പുലർച്ചെ  മൂന്നരയ്ക്കും നാലരയ്ക്കും ഇടയിൽ  അടുത്ത ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ  നടക്കും.

'ചന്ദ്രയാന്‍-2' ഓർ‍ബിറ്റർ ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിൽ തന്നെ തുടരുകയാണ്. ഓർബിറ്ററും ലാൻഡറും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

സെപ്റ്റംബർ ഏഴിന് ശനിയാഴ്ച പുലര്‍ച്ചെ 1.30-നും 2.30-നുമിടയില്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കാൻ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഈ പ്രദേശത്തിന്‍റെ കൃത്യമായ മാപ്പ് തയ്യാറാക്കാൻ ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നൽകുന്ന ചിത്രങ്ങൾ ഉപയോഗിക്കും. തുടർന്ന് ലാൻഡിംഗിനാവശ്യമായ നിർദ്ദേശങ്ങൾ വിക്രം ലാൻഡറിലേക്കയക്കും.

ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തില്‍ 'വിക്രം ലാന്‍ഡറി'നെ 'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികതയിലൂടെ ഇറക്കിക്കഴിഞ്ഞാല്‍ നാലുമണിക്കൂറിനുള്ളില്‍ 'ലാന്‍ഡറി'നുള്ളില്‍നിന്ന് ' 'പ്രഖ്യാൻ റോവര്‍' (ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പഠനങ്ങള്‍ നടത്താനുള്ള ഘടകം) പുറത്തിറങ്ങും.

ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വർക്ക് കേന്ദ്രമാണ് 'ചന്ദ്രയാന്‍-2' പേടകത്തെ നിയന്ത്രിക്കുന്നത്. നിലവിൽ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ; ദക്ഷിണ ധ്രുവപ്രദേശത്തിറങ്ങുന്ന ആദ്യ രാജ്യവും. 

#ISRO
The first de-orbit maneuver for #VikramLander of #Chandrayaan2 spacecraft was performed successfully today (September 03, 2019) at 0850 hrs IST.

For details please visit https://t.co/K5dS113UJL

Here's view of Control Centre at ISTRAC, Bengaluru pic.twitter.com/Ddeo2URPg5

— ISRO (@isro) September 3, 2019