ചരിത്രം കുറിക്കാൻ ചന്ദ്രനരികെ ഇന്ത്യ; ഓർബിറ്ററും ലാൻഡറും വേർപെട്ടു

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണദൗത്യമായ 'ചന്ദ്രയാന്‍-2' മറ്റൊരു നിർണ്ണായകഘട്ടം പിന്നിട്ടു. ചന്ദ്രനെ ചുറ്റുന്ന ചന്ദ്രയാൻ-2 ഓര്‍ബിറ്ററില്‍നിന്ന് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള വിക്രം ലാന്‍ഡര്‍ വേര്‍പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍നിന്ന് വിക്രം ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടതെന്ന് ഐ എസ് ആര്‍ ഒ ട്വീറ്റ് ചെയ്തു.
ഇനി ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും വെവ്വേറെ നിയന്ത്രിക്കണം. ഓർബിറ്റർ ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുമുള്ള ഭ്രമണപഥത്തിൽ തന്നെ തുടരും. വിക്രം ലാൻഡറിനെ വീണ്ടും രണ്ട് തവണയായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തിൽ നിന്നുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ മൂന്നിനും നാലിനുമായിരിക്കും ഈ രണ്ട് ഭ്രമണപഥ താഴ്ത്തലുകൾ.
ചന്ദ്രയാൻ രണ്ട് ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നിർദ്ദിഷ്ട ലാൻഡിംഗ് സൈറ്റിന്‍റെ ചിത്രങ്ങളെടുക്കുകയും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും. അതിനു ശേഷമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കം തുടങ്ങുക.
സെപ്റ്റംബർ ഏഴിന് ശനിയാഴ്ച പുലര്‍ച്ചെ 1.30-നും 2.30-നുമിടയില്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കാൻ ഐഎസ്ആര്‍ഒ പദ്ധതിയിട്ടിട്ടുള്ളത്. ഈ പ്രദേശത്തിന്‍റെ കൃത്യമായ മാപ്പ് തയ്യാറാക്കാൻ ഓർബിറ്ററിലെ ഹൈ റെസലൂഷ്യൻ ക്യാമറ നൽകുന്ന ചിത്രങ്ങൾ ഉപയോഗിക്കും. തുടർന്ന് ലാൻഡിംഗിനാവശ്യമായ നിർദ്ദേശങ്ങൾ വിക്രം ലാൻഡറിലേക്കയക്കും.
ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തില്‍ 'വിക്രം ലാന്‍ഡറി'നെ 'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികതയിലൂടെ ഇറക്കിക്കഴിഞ്ഞാല്‍ നാലുമണിക്കൂറിനുള്ളില്‍ 'ലാന്‍ഡറി'നുള്ളില്‍നിന്ന് ' 'പ്രഖ്യാൻ റോവര്‍' (ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പഠനങ്ങള്‍ നടത്താനുള്ള ഘടകം) പുറത്തിറങ്ങും.
ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വർക്ക് കേന്ദ്രമാണ് 'ചന്ദ്രയാന്‍-2' പേടകത്തെ നിയന്ത്രിക്കുന്നത്. നിലവിൽ എല്ലാ ഘടകങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
ദൗത്യം വിജയകരമായാൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ; ദക്ഷിണ ധ്രുവപ്രദേശത്തിറങ്ങുന്ന ആദ്യ രാജ്യവും.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ