• 08 Jun 2023
  • 05: 53 PM
Latest News arrow

ജിന്‍സണ്‍ ജോൺസൺ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി; ഇതുവരെ യോഗ്യത നേടിയത് 5 മലയാളികളടക്കം 16 ഇന്ത്യൻ അത്‌ലറ്റുകൾ

ബെര്‍ലിന്‍: മലയാളി അത്‌ലറ്റ്  ജിന്‍സണ്‍ ജോണ്‍സണ്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. സെപ്തംബർ 27 മുതൽ ഒക്ടോബർ 6 വരെ ദോഹയിലാണ്  ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുക.

ബെര്‍ലിനില്‍ നടന്ന ഇസ്താഫ്(ISTAF) മീറ്റിൽ 1500 മീറ്ററില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചാണ്  ജിൻസൺ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇടംനേടിയത്. 3:36 സെക്കന്‍ഡായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ സമയം. ജിന്‍സണ്‍ 3:35.24 സെക്കന്‍ഡില്‍ ഓടിയെത്തി വെള്ളി മെഡല്‍ നേടി. അമേരിക്കയുടെ ജോഷ്വ തോംപ്സണ്‍  ഈ ഇനത്തില്‍ സ്വര്‍ണം നേടി.

ജൂണില്‍ നെതര്‍ലന്‍ഡ്സില്‍ നടന്ന മീറ്റില്‍ സ്ഥാപിച്ച 3:37.62 സെക്കന്‍ഡ് ദേശീയ റെക്കോര്‍ഡും ഇതോടെ ജിന്‍സണ്‍ തിരുത്തി. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ അഞ്ചാമത്തെ മലയാളിയെന്ന സ്ഥാനവും ജിന്‍സണ് ലഭിച്ചു.

മലയാളികളായ മുഹമ്മദ് അനസ്, കെ ടി ഇര്‍ഫാന്‍, ടി ഗോപി, എം ശ്രീശങ്കര്‍ എന്നിവര്‍ നേരത്തെ ദോഹ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് അർഹത നേടിയിരുന്നു. ഇതുവരെ 16 ഇന്ത്യന്‍ അത്‌ലറ്റുകൾ ദോഹ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട്.