• 03 Feb 2023
  • 09: 19 PM
Latest News arrow

ഡ്രൈവിങ്ങിലെ തെറ്റുകള്‍ ഇനി കീശ കീറും; പിഴത്തുക പതിനായിരങ്ങളാക്കി

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കിക്കൊണ്ടുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി ഇന്ന് മുതല്‍ നടപ്പിലാക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ 5000 രൂപയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചാല്‍ 10,000 രൂപയും പിഴയടക്കേണ്ടി വരും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് അപകടം വരുത്തിയാല്‍ കുട്ടിയുടെ പിതാവ് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കണം. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്ന ഇന്ന് മുതല്‍ ശക്തമായ പരിശോധന നടത്തുമെന്നും ഗതാഗത കമ്മീഷണര്‍ സുദേഷ് കുമാര്‍ പറഞ്ഞു.

അപകടകരമായ രീതിയില്‍ വാഹനമോടിയ്ക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടര്‍ വാഹന നിയമഭേദഗതിയാണ് ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്. ഇതോടെ നൂറിലും 500ലും ആയിരത്തിലുമൊക്കെ ഒതുങ്ങിയിരുന്ന പിഴത്തുക പതിനായിരങ്ങളായി ഉയരുകയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിയ്ക്കുന്നതിലാണ് ഏറ്റവും വലിയ ശിക്ഷ. കുട്ടികള്‍ വാഹനമോടിച്ചാല്‍ 25,000 രൂപ പിഴ ചുമത്തുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. അപകടമുണ്ടായാല്‍ പിതാവിന് മൂന്ന് വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടിയും വരും. 

ഓരോ കുറ്റത്തിനുമുള്ള പിഴ ഇപ്രകാരം;

1) മദ്യപിച്ച് വാഹനമോടിച്ചാല്‍

ആദ്യ തവണ- 10,000 രൂപ അല്ലെങ്കില്‍ ആറ് മാസം തടവ്
ആവര്‍ത്തിച്ചാല്‍- 15,000 രൂപ അല്ലെങ്കില്‍ രണ്ട് വര്‍ഷം തടവ്

2) ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെ വാഹമോടിച്ചാല്‍- 1000 രൂപ

3) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍- 10,000

4) അമിതവേഗം- 1000 മുതല്‍ 2000 വരെ

5) ലൈസന്‍സ് ഇല്ലെങ്കില്‍- 5000 രൂപ

6) പെര്‍മിറ്റ് ഇല്ലെങ്കില്‍- 10,000 രൂപ

7) ചുവപ്പ് സിഗ്നല്‍ തെറ്റിച്ചാല്‍- 10,000

8) ഓവര്‍ലോഡ്- 20,000

9) ആംബുലന്‍സിന് വഴി മാറിയില്ലെങ്കില്‍- 10,000 രൂപ അല്ലെങ്കില്‍ 6 മാസം വരെ തടവ്, അല്ലെങ്കില്‍ രണ്ടും ഒരുമിച്ച്

10) അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍

ആദ്യതവണ- 1000- 500, അല്ലെങ്കില്‍ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ്
ആവര്‍ത്തിച്ചാല്‍- 10,000 രൂപ വരെ, രണ്ട് വര്‍ഷം തടവ്

11) ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍

ആദ്യതവണ- 2000 രൂപ/ മൂന്ന് മാസം തടവ്
ആവര്‍ത്തിച്ചാല്‍- 4000/ മൂന്ന് മാസം