• 18 Feb 2020
  • 11: 44 AM
Latest News arrow

സാഹോ: സാഗ പിന്നെ സ്വാഹ

ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ട് കണ്ണ് മിഴിച്ച ചങ്ക് തുടിച്ച കാണികളെല്ലാം ഇത്തിരി കോരിത്തരിപ്പോടെയൊക്കെ ഉച്ചരിക്കുന്ന പേരാണ് പ്രഭാസ്. കരിയറില്‍ സാധാരണ മട്ടില്‍ മുമ്പോട്ട് പോയ്‌ക്കൊണ്ടിരുന്ന പ്രഭാസ് ബാഹുബലിയില്‍ തട്ടി റോക്കറ്റ് പോലെ മേപ്പോട്ട് കുതിച്ച് ഇന്ത്യന്‍ ചലച്ചിത്രമേഖലയുടെ മട്ടുപ്പാവില്‍ ഇരിപ്പുറപ്പിച്ചു. ആ ഇരിപ്പിടത്തിന്റെ പ്രൗഢിയെ വേണ്ടുവോളം ആവാഹിച്ച് ഒരുക്കിയ ചിത്രമാണ് സാഹോ.

ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നായകനെ വെച്ച് അടുത്ത ഒരു പടം പിടിയ്ക്കുമ്പോള്‍ ബ്രഹ്മാണ്ഡ ചിത്രത്തെ നേര്‍ക്കുനേര്‍ നോക്കാനെങ്കിലും കഴിയുന്ന ഒന്ന് വേണ്ടേ. സംവിധായകന്റെ ഉദ്ദേശ്യം ഏതാണ്ട് ഇങ്ങിനെയൊക്കെയായിരുന്നിരിക്കണം. അല്ലെങ്കില്‍പ്പിന്നെ മിഷന്‍ ഇംപൊസിബിള്‍, പേള്‍ ഹാര്‍ബര്‍ തുടങ്ങിയ ഹോളിവുഡ് സിനിമകള്‍ക്ക് വേണ്ടി ആക്ഷനൊരുക്കിയ കെന്നി ബെയ്റ്റസിനെ കൊണ്ടുവന്ന് ഒരു മ്യാരക ആക്ഷന്‍ പടം തന്നെ പിടിക്കേണ്ട ആവശ്യമില്ലല്ലോ. 

സിനിമ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ആക്ഷനിലാണ്. 37 കാറുകളും അഞ്ച് ട്രക്കുകളുമൊക്കെ തകര്‍ത്ത് ഭൂമിയിലും ആകാശത്തും ഒക്കെയായി ഭീകര ആക്ഷന്‍, സ്റ്റഡ് സീനുകളാണ് ചിത്രത്തില്‍ ഒരുക്കിവെച്ചിരിക്കുന്നത്. വെടിവെയ്പ്പും ബോംബിടലുമൊക്കെയുണ്ട്. ഒന്നും വേണ്ടെന്ന് വെച്ചിട്ടില്ല. പിന്നെ ജെറ്റ്മാന്‍ എന്ന ഒരു വെറൈറ്റി ഐറ്റം കൂടിയുണ്ട്. 

പല രാജ്യങ്ങളിലൂടെ ചുറ്റിക്കറങ്ങിയാണ് സിനിമയുടെ പോക്ക്. സിനിമയുടെ തുടക്കത്തില്‍ ലാലിന്റെ ഒരു നെടുനീളന്‍ വിവരണമുണ്ട്. കരിക്കിലെ ലോലന്റെ മുഖത്ത് ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ള ആ ഷോക്കേല്‍ക്കുന്ന എക്‌സ്പ്രഷനുണ്ടല്ലോ... ഏതാണ് ആ അവസ്ഥയാണ് ഈ വിവരണം കേട്ടുകഴിയുമ്പോള്‍. അന്താരാഷ്ട്ര തലത്തിലാണ് കാര്യങ്ങള്‍. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള ക്രിമിനല്‍ സിന്‍ഡിക്കേറ്റുകള്‍ തമ്മിലുള്ള അധികാര വടംവലിയാണ് പശ്ചാത്തലം. ശേഷം മുംബൈയിലേക്ക്. 

അവിടെ വലിയൊരു മോഷണം നടക്കുന്നു. സ്‌പോര്‍ട്‌സ് കാറിലൊക്കെ വന്ന് ഭയങ്കര 'ബുദ്ധിപരമായാണ്' കള്ളന്‍ മോഷണം നടത്തുന്നത്. വിചിത്രമായ രീതിയിലുള്ള ഈ മോഷണം കണ്ട് പ്രേക്ഷകരുടെ മുഖത്തൂടെ 'കട്ടപുശ്ചം' ഉന്തിച്ചാടി പുറത്തുവന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. 

ഈ മോഷണം അന്വോഷിക്കാന്‍ ഇന്റലിജന്‍സ് അണ്ടര്‍ കവര്‍ പൊലീസ് ഓഫീസര്‍ അശോക് ചക്രവര്‍ത്തി (പ്രഭാസ്) എത്തുന്നു. സഹപ്രവര്‍ത്തകരായി അമൃത നായര്‍ (ശ്രദ്ധ കപൂര്‍), ഗോസ്വാമി (വെണ്ണല കിഷോര്‍), ഡേവിഡ് (മുരളി ഷര്‍മ്മ) എന്നിവരും ചേരുന്നു. പിന്നെ ഇവര്‍ കള്ളനെ കണ്ടുപിടിക്കാനുള്ള ശ്രമമാണ്. അല്ല ശ്രമമെന്നൊന്നും പറയാന്‍ പറ്റില്ല. ലോജിക്ക് എന്ന സംഗതി മച്ചില്‍ പൊടിപിടിയ്ക്കാനായി തള്ളിയിട്ടിട്ടുള്ള ചില കാട്ടിക്കൂട്ടലുകളാണ്. ആക്ഷനും ഹീറോയിസവുമാണല്ലോ മുന്നില്‍ നില്‍ക്കേണ്ടത്. അപ്പോള്‍ കഥയും ലോജിക്കും ഇത്തിരി പൊടി പിടിച്ചോട്ടെ. 

കള്ളനെ പിടിയ്ക്കുന്നത് മുതല്‍ പിന്നെ ട്വിസ്റ്റും ആക്ഷനും ഹീറോയിസവും അതിനിടയില്‍ പുട്ടിന് പീര പോലെ പാട്ടും ഇട്ടുകൊടുത്ത് സംഗതി നല്ല മാസ് മസാലപ്പരുവമാക്കിയെടുത്തിട്ടുണ്ട്. അമൃതയോടുള്ള പ്രണയമൊക്കെ ചിത്രീകരിച്ചിരിക്കുന്നത് മടുപ്പിക്കുന്നതാണ്. പിന്നെ തെലുങ്ക് മസാല പടമല്ലേ... പ്രണയത്തിന് ഇതിലുമപ്പുറമൊരു വേര്‍ഷന്‍ പ്രതീക്ഷിക്കേണ്ട.

ചിത്രത്തിന്റെ കഥയെക്കുറിച്ച് പറയുകയാണെങ്കില്‍, പറയാന്‍ കൊള്ളാം. പക്ഷേ, അവതരിപ്പിച്ചപ്പോള്‍ സംവിധായകന്റെ കിളി പോയതാണോ എഡിറ്റര്‍മാരുടെ കിളി പോയതാണോയെന്ന് അറിയില്ല. രംഗങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കിയപ്പോള്‍ പലതും ചേര്‍ന്നില്ല. പ്ലഗും സോക്കറ്റും പോലെയാകണം സീനുകള്‍ ചേരേണ്ടത്. എന്നാല്‍ സീനുകളെല്ലാം പ്ലഗോ അല്ലെങ്കില്‍ സോക്കറ്റോ ആയാലോ. ഉള്ള രംഗങ്ങളെല്ലാം മാസാക്കാന്‍ ശ്രമിച്ചതിന്റെ ഫലം. അതായത് ഈ സിനിമ കാണുമ്പോള്‍ ഒരു സീന്‍ കഴിഞ്ഞ് കുറച്ച് റെസ്റ്റ് എടുത്ത ശേഷം അടുത്ത സീന്‍ കാണുന്നതാകും ഭേദം. അപ്പോള്‍ പിന്നെ ഒറ്റയടിയ്ക്ക് മാസ് ആക്ഷന്‍ രംഗങ്ങളെല്ലാം കാണുന്നതിന്റെ ഭാരം പ്രേക്ഷന് താങ്ങേണ്ടി വരില്ലല്ലോ...

എന്തായാലും കഥയും ലോജിക്കും മാറ്റി നിര്‍ത്തിയിട്ട് ആക്ഷനിലേക്കും സ്റ്റണ്ടിലേക്കും വരാം. കെവിന്‍ ബെയ്റ്റ്‌സിന്റെ കഴിവ് സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന് ദൃശ്യമാകും. ഇവിടെ ഛായാഗ്രാഹകനെയും സംവിധായകനെയും കൂടി വാഴ്ത്തുന്നതില്‍ ഒട്ടും മടി വേണ്ട. ചേസിങ് സീനുകളാണ് സിനിമയ്ക്ക് കാശു വാരിക്കൊടുക്കുക. കാറിലും ബൈക്കിലും ട്രക്കിലും ഒക്കെയുള്ള ചേസിങ് രംഗങ്ങള്‍ മാത്രം കാണാന്‍ ടിക്കറ്റെടുക്കുകയാണെങ്കില്‍ 100 ശതമാനം സംതൃപ്തിയോടെ തിരിച്ചിറങ്ങാന്‍ കഴിയും. ഗുണ്ടകളുടെ താവളത്തില്‍ കയറിയുള്ള സ്റ്റണ്ട് കൊള്ളാം. എന്നാലും സ്റ്റണ്ട് ഗെയിമുകളുടെ രീതിയില്‍ അത് ചിത്രീകരിച്ചത് അത്ര സുഖിപ്പിച്ചില്ല. അതേസമയം ക്ലൈമാക്‌സിലെ സ്റ്റണ്ട് ആ കുറവ് നികത്തി. ജിബ്രാന്റെ പശ്ചാത്തല സംഗീതമായിരുന്നു ആക്ഷന്‍ രംഗങ്ങളുടെ ജീവന്‍. 

വലിയ താര നിരയാണ് ചിത്രത്തില്‍. ബോളിവുഡ് താരങ്ങള്‍ മുതല്‍ മലയാളത്തില്‍ നിന്ന് ലാലും ദേവനും വരെ സാഹോയില്‍ എത്തുന്നു. ഇവര്‍ക്കെല്ലാം പ്രധാനപ്പെട്ട വേഷങ്ങള്‍ തന്നെ നല്‍കിയത് ചിത്രത്തിന്റെ ഒരു നല്ല കാര്യമായി പറയാം. 

ചിത്രത്തിലെ പാട്ടുകളുടെ ചിത്രീകരണം മനോഹരമായിരുന്നു. പാട്ടുകള്‍ രസിപ്പിച്ചില്ല. ഓരോ പാട്ടും തീര്‍ന്നപ്പോള്‍ തിയേറ്ററില്‍ മുഴങ്ങിക്കേട്ട കയ്യടി ആശ്വാസത്തിന്റേതായിരുന്നു. 

ആകെ മൊത്തം നോക്കിയാല്‍, കെവിന്‍ ബെയ്റ്റ്‌സിനെ കൊണ്ടുവന്നതിന്റെ ഗുണം സിനിമയില്‍ കാണാം. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഹോളിവുഡുകള്‍ മാത്രം സമ്മാനിച്ച ചേസിങ് രംഗങ്ങള്‍ സാഹോ പ്രേക്ഷകന് സമ്മാനിക്കുന്നു. അതേസമയം മാസ് രംഗങ്ങളുടെ അതിപ്രസരത്തില്‍ കഥയുടെ ശക്തമായ അവതരണം മുങ്ങിപ്പോയതിനാല്‍ സിനിമ പ്രേക്ഷക മനസ്സിലേക്ക് കയറാതെ വെള്ളിത്തിരയില്‍ തള്ളിനില്‍ക്കുന്നു.