• 23 Sep 2019
  • 07: 08 AM
Latest News arrow

വള്ളത്തോള്‍ സാഹിത്യപുരസ്‌കാരം സക്കറിയക്ക്

തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യപുരസ്‌കാരം സാഹിത്യകാരന്‍ സക്കറിയക്ക് സമ്മാനിക്കും.1,11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

വള്ളത്തോളിന്റെ ജന്മദിനമായ ഒക്ടോബര്‍ 16ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് വള്ളത്തോള്‍ സാഹിത്യ സമിതി അധ്യക്ഷന്‍ ആര്‍.രാമചന്ദ്രന്‍നായര്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയ്ക്കകം തീര്‍ത്ഥപാദമണ്ഡപത്തില്‍ സംഘടിപ്പിക്കുന്ന വള്ളത്തോള്‍ സാഹിതീയോത്സവ വേദിയിലാണ് സമ്മാനദാനച്ചടങ്ങ് നടക്കുക.

മലയാള ചെറുകഥാ സാഹിത്യത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സക്കറിയയുടെ കഥകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളതായി ജൂറി വിലയിരുത്തി. കുഞ്ചന്‍ നമ്പ്യാരുടെയും വി.കെ.എന്നിന്റെയും പിന്തുടര്‍ച്ച സക്കറിയയുടെ കഥകളിലെ സൂക്ഷ്മഫലിതങ്ങളില്‍ കാണാമെന്ന് വള്ളത്തോള്‍ സാഹിത്യ സമിതി സെക്രട്ടറി നന്ത്യത്ത് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തമിഴ്സാഹിത്യത്തിലെ കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത കെ.ജി.ചന്ദ്രശേഖരന്‍നായര്‍ക്ക് കീര്‍ത്തിമുദ്ര പുരസ്‌കാരം നല്‍കാനും വള്ളത്തോള്‍ സാഹിത്യ സമിതി തീരുമാനിച്ചു.

വള്ളത്തോളിന്റെ സാഹിത്യസേവനത്തെക്കുറിച്ച് ഓരോവര്‍ഷവും പ്രസിദ്ധീകരിക്കുന്ന മികച്ച നിരൂപണഗ്രന്ഥത്തിന് കാല്‍ലക്ഷം രൂപ പാരിതോഷികം നല്‍കാൻ തീരുമാനിച്ചതായും ഇവർ അറിയിച്ചു.