ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഇനി വലിയ വില കൊടുക്കേണ്ടി വരും; നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ നാളെ മുതല്‍ നടപ്പിലാക്കും. ഹെല്‍മറ്റില്ലാതെ നാളെ നിരത്തിലിറങ്ങിയാല്‍ ആയിരം രൂപ പിഴയെടുക്കേണ്ടി വരും.
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 6 മാസം തടവും 10,000 രൂപ പിഴയും നല്‍കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 15,000 രൂപ പിഴയോടൊപ്പം 2 വര്‍ഷം തടവും അനുഭവിക്കേണ്ടി വരും. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100 രൂപയ്ക്ക് പകരം 1000 രൂപ നല്‍കണം.
ചുവപ്പു ലൈറ്റ് മറികടക്കുക, സ്റ്റോപ്പ് സിഗ്നല്‍ അനുസരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയ്ക്ക് 5000 രൂപ പിഴയും 1 വര്‍ഷം വരെ തടവുമാണു ശിക്ഷ. വര്‍ധിപ്പിച്ച പിഴയ്ക്ക് പുറമെ സാമൂഹ്യസേവനവും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്സുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്.