• 09 Mar 2021
  • 06: 29 AM
Latest News arrow

മാരിയത്തിന്റെ പുഞ്ചിരി അംഗപരിമിതർക്ക് പ്രചോദനം

കടുത്ത ശാരീരിക വൈകല്യമനുഭവിക്കുന്നവര്‍ക്ക് ജീവിതത്തോടുള്ള ആസക്തിയും, എന്തും സഹിക്കാനുള്ള ആത്മവിശ്വാസവും പ്രചോദനവും പകരുന്ന ഒരു പേരാവും മാരിയത്ത് എന്ന് പേരുള്ള യുവതി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റാണ് ഈ സുന്ദരി. അരയ്ക്ക്  താഴെ ചലനമില്ലാത്തത് കൊണ്ട്  സദാ വീല്‍ചെയറിലാണ് ജീവിതം.

നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ സി.എച്ച്. മാരിയത്ത് തന്റെ ശാരീരിക അവശതയെ നേരിട്ട് മുന്നോട്ട് വന്നതിന്റെ കഥ ഹൃദയസ്പർശിയും  ഉദ്വേഗജനകവും സമൂഹത്തിന് മൊത്തത്തില്‍ മാതൃകാപരവുമാണ്.  രണ്ടാം ക്ലാസില്‍ പഠിക്കുന്നകാലത്താണ് ആറാമത്തെ വയസില്‍ ഒരു പനി വന്ന് ഇരുകാലുകളുടെയും ചലന ശേഷി നഷടപ്പെട്ടത്.നെഞ്ചിന് താഴെയുള്ള തളര്‍ച്ചയില്‍ ആദ്യമൊക്കെ  തിരിഞ്ഞു കിടക്കാനോ എഴുന്നേറ്റിരിക്കാനോ പരസഹായം വേണ്ടിവന്നു. തളര്‍ന്ന ഭാഗം തൊട്ടലറിയാതെ മരവിച്ചു കിടന്നു. പഠനം മുടങ്ങി.  വൈദ്യരംഗത്തെ സര്‍വ്വവിധ ചികിത്സാരീതികളും മാറിമാറി പരീക്ഷിച്ചു.

പാവാട പ്രായത്തില്‍  പൂക്കളേയും ചെടികളേയും കാടിനേയും കുന്നുകളേയും കടലിനേയുമൊക്കെ കൗതുകത്തോടെ നോക്കിക്കാണാന്‍ പറന്നു നടന്ന ഈ ബാലികയ്ക്ക്  ആത്മ വിശ്വാസവും സഹായവുംനല്‍കി മനസും ശരീരവുമായി കൂട്ടുനിന്നത് മാതപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമാണ്. മാരിയത്ത് രണ്ടാം ക്ലാസു വരേ പഠിച്ച  ചുങ്കത്തറ ജി എല്‍പി സ്‌ക്കൂളിലെ പഴയ കൂട്ടുകാരികളും അദ്ധ്യാപകരും ഇടക്കിടെ വീട്ടിലെത്തി മാരിയത്തിനോട് സമയം ചെലവിട്ടു. അവര്‍ പുസ്തകങ്ങള്‍ കൈമാറി. അതിന്നിടയില്‍  നോട്ടു പുസ്തകങ്ങളില്‍ ചിത്രങ്ങള്‍ കോറിയിട്ടു. വീട്ടില്‍ നിന്നും പഠിപ്പിക്കാന്‍ ചില അദ്ധ്യാപകര്‍ സന്നദ്ധരായി. ഈ പഠനം വഴി പ്രൈവറ്റായി എസ്എസ് എല്‍സി പരീക്ഷ എഴുതാന്‍ സുഹൃത്തുക്കളും അദ്ധ്യാപകരും നിരന്തരം പ്രേരിപ്പിച്ചു. ആദ്യമൊക്കെ  ആശങ്കയും ഭയവുമൊക്കെ തോന്നി. മടിച്ചുനിന്നെങ്കിലും  ചില അദ്ധ്യാപകരുടെ വാത്സല്യപൂര്‍വ്വമുളള നിര്‍ബന്ധത്തിന് വഴങ്ങി പരീക്ഷ എഴുതി. അങ്ങിനെ രണ്ടാം ക്ലാസുകാരി എസ്.എസ്. എല്‍.സി ജയിച്ചു.

വിജയത്തില്‍ മാരിയത്തിനെക്കാള്‍  ആഹ്ലാദഭരിതരും സംതൃപ്തരുമായ അദ്ധ്യാപകര്‍ മാരിയത്തിനെ കോളജില്‍ ചേരാന്‍ പ്രേരിപ്പിച്ചു. എസ്എസ്എല്‍സി എന്ന കടമ്പ കടക്കാന്‍ തന്നെ ഭയപ്പെട്ട, മടിച്ച ഈ പെണ്‍കുട്ടിയ്ക്ക് കോളജ് പഠനമെന്നത്   അചിന്തനീയമായിരുന്നു.  മാരിയത്തിന്റെ നിശ്ചയദാർഢ്യവും ഉത്സാഹവും മനസിലാക്കിയ ചില അദ്ധ്യാപകര്‍ പ്രത്യേകിച്ചും ചുങ്കത്തറ മാര്‍ത്തോമാ  കോളജ് അദ്ധ്യാപികയും എഴുത്തുകാരിയും പ്രഭാഷകയുമായ  ഡോ. മിനി പ്രസാദ്  ഇടക്കിടെ വീട്ടില്‍ വന്ന് കോളജില്‍ ചേരാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. വായനയിലും എഴുത്തിലും തല്‍പ്പരയായ മാരിയത്തിനെ നേരത്തെ പരിചയപ്പെട്ടിരുന്ന മിനി  പ്രസാദ് കോളജില്‍ തന്റെ സഹപ്രവര്‍ത്തകരില്‍ ചിലരെ കൂടി കൂട്ടി വന്ന്  കോളജ് പഠനം ബുദ്ധിമുട്ടാവില്ലെന്ന് ബോദ്ധ്യപ്പെടുത്തി.  ഒടുവില്‍ കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു.

ഇളയസഹോദരനാണ് പലപ്പോഴും  തോളിലേറ്റിയും ഓട്ടോയിലും കോളജില്‍ എത്തിക്കുക. കോളജ് ജീവിതത്തിലെ തന്റെ രണ്ടു വര്‍ഷത്തെ അനുഭവങ്ങള്‍ മാരിയത്ത് എഴുതിയ 'കാലം മായ്ച്ച കാല്‍പ്പാടുകള്‍' എന്ന തന്റെ ആത്മ കഥയില്‍ വിവരിക്കുന്നുണ്ട്. കോളജിലെ അധ്യാപകരും ചില സഹപാഠികളും  നടക്കാന്‍ വയ്യാത്ത ഈ  പെണ്‍കുട്ടിയുടെ നേരെ കാണിച്ച കരുതലിന്റെയും സ്‌നേഹത്തിന്റെ കഥ ഊ പുസ്തകത്തിലൂടെ വായിച്ചാല്‍ കാരുണ്യത്തിന്റെ സഹനത്തിന്റെയും ആഴവും പരപ്പും  ബോദ്ധ്യപ്പെടും.

പ്രീഡിഗ്രി പാസായ ശേഷം പഠനം നിര്‍ത്താന്‍ കാരണം തന്റെ സഹോദരനും മറ്റു ബന്ധുക്കളും അനുഭവിച്ചു വരുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കി സ്വയം പിന്‍മാറുകയായിരുന്നുവെന്ന് മാരിയത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്തോടെ വീട്ടിലിരുന്ന്  ഡിഗ്രിക്ക് എക്കണോമിക്‌സ് പഠിച്ചു.  ഒന്നാം വര്‍ഷ പരീക്ഷ എഴുതി. അപ്പോഴേയ്ക്കും പഠനത്തെ സഹായിച്ച സുഹൃത്തിന് ജോലിയാവശ്യാര്‍ത്ഥം സ്ഥലം വിടേണ്ടി വന്നു. പഠനം നിര്‍ത്തി. ഇതിന്നിടയില്‍ മിനി പ്രസാദിന്റെ  നിര്‍ബന്ധത്തില്‍ ഫാബ്രിക്ക് പെയിന്റിംഗ് പഠിച്ചു. ചിത്രകലയില്‍ നേരത്തെയുണ്ടായിരുന്ന അഭിരുചി മൂലം  സാരിയിലെ ചിത്രരചന വഴി ചെറിയ വരുമാനവും ലഭിച്ചു തുടങ്ങി. നേരത്തെ വരച്ചുകൂട്ടിയ ചിത്രങ്ങള്‍ സുഹൃത്തുക്കളുടെ പ്രേരണയില്‍ ചിലേടത്തൊക്കെ പ്രദര്‍ശിപ്പിച്ചത് മാരിയത്തിനെ സമൂഹത്തില്‍ സുപരിചിതയാക്കി.

ജീവിതത്തിലെ അനുഭവങ്ങള്‍ കുറിച്ചുവച്ചത് 2008-ല്‍ ആത്മകഥയായി പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തില്‍ മുന്‍ ചീഫ് സെക്രട്ടറി  കെ. ജയകുമാറും എഴുത്തുകാരായ ഇ. ഹരികുമാറും പാര്‍വ്വതി ഐത്താളും ബാബു ഭരദ്വാജും കെ ആര്‍. മീരയും കവി റഫീക്ക്  അഹമ്മദും മറ്റും എഴുതിയ  ആസ്വാദന കുറിപ്പില്‍ ഈ കൃതിയുടെ രചനാപാടവും  ആത്മാര്‍ത്ഥതയും പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. ഇതിന്നകം അഞ്ച് എഡിഷനുകളിലൂടെ വായനക്കാരെ  ആകര്‍ഷിച്ച ഈ കൃതി കാലിക്കറ്റ് സര്‍വ്വകലാശാലാ അധികൃതരേയും ആകര്‍ഷിച്ചു.  സ്ഥാനമൊഴിഞ്ഞ വൈസ്ചാന്‍സലര്‍ ഡോ.എം. അബ്ദുള്‍ സലാം മുന്‍ കൈ എടുത്ത്  സര്‍വ്വകലാശാലാ ലൈബ്രറിയില്‍  താല്‍ക്കാലിക ജോലി നല്‍കി. ഏറെ വൈകാതെ സര്‍വ്വകലാശാലയില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ്  തസ്തികയിലേക്ക് മാറ്റി.

സര്‍വ്വകലാശാല കാമ്പസില്‍ സ്റ്റാഫ് ക്വാട്ടേര്‍സില്‍ താമസമാക്കിയ മാരിയത്ത് കഥകളും കവിതകളുമായി എഴുത്ത് തുടരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖഭാവത്തോടെ പ്രസന്നവദനയായി കാണാറുള്ള ഈ യുവതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഒരു ചടങ്ങില്‍ ക്ഷണിച്ചു വരുത്തി ദേവഗിരി കോളജ് അദ്ധ്യാപകനായിരുന്ന പ്രഫ.  അലക്‌സാണ്ടര്‍ സക്കറിയാസിന്റെ പേരിലുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.