• 23 Sep 2019
  • 07: 07 AM
Latest News arrow

പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിച്ച് നാലെണ്ണമാകുന്നു; രാജ്യത്ത് ഇനി 12 പൊതുമേഖലാ ബാങ്കുകൾ മാത്രം

സിൻഡിക്കേറ്റ് ബാങ്കിനെ കനറ ബാങ്കിൽ ലയിപ്പിക്കും; ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ഒന്നാകും

ന്യൂദൽഹി: ഇന്ത്യയുടെ സമ്പദ്ഘടനയിൽ വൻ മാറ്റങ്ങളുടെ പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്‍റെ നിർണ്ണായക തീരുമാനങ്ങളിലൊന്ന്. പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകൾ ലയിച്ച് നാലെണ്ണമാകും.

2017-ൽ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ രാജ്യത്ത് ആകെ 12 പൊതുമേഖലാ ബാങ്കുകളേ ഉണ്ടാവൂ.

പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‍സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിക്കും. പഞ്ചാബ് നാഷണൽ ബാങ്കും ഓറിയന്‍റൽ ബാങ്കും യൂണിയൻ ബാങ്കും ഒന്നിച്ചാൽ പഞ്ചാബ് നാഷണൽ ബാങ്കായിരിക്കും ആങ്കർ ബാങ്ക്. ഇന്ത്യയിലെ രണ്ടാമത്തെ ബാങ്കായി പുതിയ ബാങ്ക് മാറും.

സിൻഡിക്കേറ്റ് ബാങ്കിനെ കനറ ബാങ്കിൽ ലയിപ്പിക്കും. കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ ലയിച്ചാൽ അത് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കാകും. ആകെ മൊത്തം ബാങ്കിംഗ് വ്യാപാരം 15.2 ലക്ഷം കോടി രൂപയാകും.

യൂണിയൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോ‍ർപ്പറേഷൻ ബാങ്ക് എന്നിവ ലയിപ്പിച്ച് ഒന്നാക്കും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോർപ്പറേഷൻ ബാങ്ക് എന്നിവയെ ലയിപ്പിച്ചാൽ അത് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്കായിരിക്കും. 14.6 ലക്ഷം കോടിയാകും ഈ ബാങ്കിന്‍റെ മൊത്തം വ്യാപാരം.

ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ഒന്നാകും. ഇന്ത്യൻ ബാങ്കും അലഹാബാദ് ബാങ്കും ലയിപ്പിച്ചാൽ അത് രാജ്യത്തെ ഏഴാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും. 8.08 ലക്ഷം കോടി രൂപയാകും ബാങ്കിന്‍റെ മൊത്തം ബാങ്കിംഗ് ബിസിനസ്.

കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചിരുന്നു. 2019 ഏപ്രിൽ 1 മുതലായിരുന്നു ലയനം നിലവിൽ വന്നത്.

2017-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചിരുന്നു.

55,200 കോടി രൂപ ബാങ്കുകൾക്ക് കൈമാറും. ഈ നീക്കം വളർച്ച ലക്ഷ്യമാക്കിയിട്ടാണെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. ചീഫ് റിസ്ക്ക് ഓഫീസർ തസ്തിക ബാങ്കുകളിൽ സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.

ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവ ലയിപ്പിച്ചപ്പോഴുണ്ടായ പ്രധാന നടപടികളെല്ലാം കുറ്റങ്ങളും കുറവും തീർത്ത് ഈ ബാങ്കിംഗ് പരിഷ്കാരങ്ങളിലും നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ബാങ്കുകളുടെ കിട്ടാക്കടത്തിൽ ഒരുലക്ഷത്തി ആറായിരം കോടി രുപയുടെ കുറവുണ്ടെന്നും ബാങ്കുകൾ ഭവനവായ്പകൾ കുറച്ചു തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.