ദേശീയ അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ കേരളം കിരീടനേട്ടത്തിനരികെ

ലക്‌നൗ: ലക്‌നൗ മഹാനഗർ പിഎസി സ്റ്റേഡിയത്തിൽ നടക്കുന്ന 59-മത് ദേശീയ അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിൽ 116 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വ്യാഴാഴ്ച രണ്ട് സ്വർണം ഉൾപ്പെടെ ആറ് മെഡലാണ് നേടിയത്. ചൊവ്വാഴ്ച ആദ്യദിനത്തിൽ കേരളം 4 സ്വർണം ഉൾപ്പെടെ 6 മെഡൽ നേടിയിരുന്നു. ബുധനാഴ്ച രണ്ടാം ദിനത്തിൽ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും നേടി.
വനിതകളുടെ പോൾവോൾട്ടിൽ കേരള താരങ്ങൾ മൂന്ന് മെഡലും സ്വന്തമാക്കി. കൃഷ്ണ രചൻ സ്വർണവും നിവ്യ ആന്റണി വെള്ളിയും സിഞ്ജു പ്രകാശ് വെങ്കലവും നേടി. കൃഷ്ണ രചൻ 3.80 മീറ്റർ ഉയരം മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. നിവ്യ 3.60 മീറ്ററും സിഞ്ജു 3.30 മീറ്ററുമാണ് മറികടന്നത്.
പതിനായിരം മീറ്ററിൽ ടി. ഗോപിയാണ് കേരളത്തിന്‍റെ രണ്ടാം സ്വർണം നേടിയത്.
പുരുഷൻമാരുടെ ഹൈജംപിൽ ജിയോ ജോസ് വെള്ളിയും വനിതകളുടെ 400 മീറ്ററിൽ ജിസ്ന മാത്യു വെങ്കലവും നേടി. 2.21 മീറ്റർ ചാടിയാണ് ജിയോ വെള്ളി നേടിയത്. ജിസ്ന 53.08 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്.
ഓഗസ്റ്റ് 27ന് തുടങ്ങിയ മീറ്റിന്‍റെ അവസാന ദിനമായ ഇന്ന് പതിനാറ് ഫൈനലുകൾ നടക്കും.