സൗദിയില്‍ സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ജിദ്ദ: സൗദിയില്‍ സ്വകാര്യമേഖലയില്‍ സ്ഥാപനങ്ങളുടെ പെര്‍മിറ്റ് പുതുക്കാന്‍ തൊഴില്‍മന്ത്രാലയം നല്‍കുന്ന സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനം. വിദേശതൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ 2,400 റിയാല്‍ വാര്‍ഷിക ലവി തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വദേശികള്‍ക്ക് തൊഴില്‍പരിശീലനം നല്‍കാന്‍ ഈ സംഖ്യ ഉപയോഗിക്കുമെന്നും അങ്ങനെ പരിശീലനംലഭിച്ച സ്വദേശികളെ വിദേശികള്‍ക്ക് പകരം നിയമിക്കുന്നതിലൂടെ സ്വദേശിവത്കരണം ഊര്‍ജിതമാക്കാനും മന്ത്രിസഭ നിര്‍ദേശിച്ചു.
മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിനു വിദേശികളെ നേരിട്ട് ബാധിക്കുന്നതാണ് മന്ത്രിസഭാ തീരുമാനങ്ങള്‍. 2012 നവംബര്‍ 15 മുതലാണ് വിദേശ ജോലിക്കാരുടെ ഇഖാമ പുതുക്കാന്‍ വര്‍ക് പെര്‍മിറ്റ് എടുക്കുന്ന വേളയില്‍ വര്‍ഷത്തേക്ക് 2,400 റിയാല്‍ ലെവി ഇടാക്കാന്‍ തുടങ്ങിയത്. തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ മാനവ വിഭവശേഷി ഫണ്ടിന്റെ പ്രവര്‍ത്തനഫണ്ട് കണ്ടെത്താനാണ് ലെവി. ഇക്കാര്യത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് സൗദി ഗ്രാന്‍ഡ് മുഫ്തി തന്നെ രംഗത്തുവന്നിരുന്നു. ബിസിനസ് സമൂഹത്തില്‍നിന്നും എതിര്‍പ്പു ഉയര്‍ന്നു. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് ഇതു തുടരാന്‍ തന്നെയാണ് മന്ത്രിസഭ തീരുമാനം. ഈ ഇനത്തില്‍ കോടികളാണ് സര്‍ക്കാരിന് ലഭിക്കുന്നത്.
സ്വകാര്യസ്ഥാപനങ്ങളുടെ പ്രധാനമായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കു കാരണമാകും. സ്ഥാപനങ്ങള്‍ക്ക് പുതിയ പെര്‍മിറ്റ്, നിലവിലുള്ളത് പുതുക്കുക, തൊഴില്‍ വിസിറ്റിങ്‌വിസ അനുവദിക്കുക, പുതിയ ശാഖക്കുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സിആര്‍), ചെറുകിടസ്ഥാപനത്തിലേക്ക് വൈദ്യുതികണക്ഷന്‍ എന്നിവക്ക് സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ബിസ്‌നസ് വിസിറ്റ്‌വിസ നല്‍കുന്നത് സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയവുമായി തൊഴില്‍മന്ത്രാലയം സഹകരണമുണ്ടാക്കും. ഒമ്പതില്‍താഴെ ജോലിക്കാരുള്ള ചെറുകിടസ്ഥാപനത്തിന് വൈദ്യുതികണക്ഷന്‍ ലഭിക്കാന്‍ സ്ഥാപനഉടമയായ സ്വദേശി ജോലിക്കാരനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ മറ്റൊരു സ്വദേശിയെ നിയമിച്ചിരിക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.
തൊഴില്‍വിപണി പരിഷ്‌കരണത്തിന്റെ പേരില്‍ വിദേശതൊഴിലാളി ലെവി ഗള്‍ഫില്‍ ആദ്യമായി അവതരിപ്പിച്ചത് ബഹ്‌റൈനാണ്. 2008 ജൂലായ് ഒന്നുമുതല്‍ നിലവില്‍വന്ന എല്‍എംആര്‍എ ലെവിപ്രകാരം 10 ദിനാര്‍ ഓരോ വിദേശതൊഴിലാളിക്കും തൊഴിലുടമ അടയ്‌ക്കേണ്ടി വന്നു. ഇത് 2011ലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തെതുടര്‍ന്ന് ഒരു കൊല്ലത്തോളം നിര്‍ത്തിവെച്ചു. പിന്നീട് അഞ്ചില്‍കൂടുതല്‍ വിദേശതൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ അഞ്ചു ദിനാര്‍ വീതം ഓരോതൊഴിലാളിക്കും നല്‍കണമെന്നാക്കി ചുരുക്കി. ഈ മാതൃകയാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിച്ചത്.