• 29 Sep 2022
  • 07: 23 AM
Latest News arrow

രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീനുമായി 'ക്യൂബ് എപിക്'

സൂല്ലൂരുപേട്ട ( ആന്ധ്രാപ്രദേശ്): ലോകത്തെ മൂന്നാമത്തേതും രാജ്യത്തെ ഏറ്റവും വലിയതുമായ സിനിമാ സ്‌ക്രീൻ അനുഭവം ഇനി ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ സൂല്ലൂരുപേട്ടയ്ക്ക് സ്വന്തം. സൂല്ലൂരുപേട്ടയിലെ വി.എപിക് തിയേറ്ററാണ് ഉയർന്ന സാങ്കേതികവിദ്യയിലൂടെ സിനിമാ ആസ്വാദനത്തിന് പുത്തൻ അനുഭവം പകരുന്നത്.

നൂറ്റിയാറ് അടി വീതിയും 84 അടി ഉയരവുമാണ് വി.എപിക് തിയേറ്ററിലെ സ്‌ക്രീനിന്റെ വലുപ്പം. കൃത്യതയും മിഴിവുമുള്ള ദൃശ്യങ്ങൾ നൽകുന്ന 4-കെ. ആർ.ജി.ബി. റേസർ പ്രൊജക്‌ഷനും ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനങ്ങളും ഡിജിറ്റൽ സിനിമാ സാങ്കേതികവിദ്യാദാതാക്കളായ ക്യൂബ് സിനിമാസ് ക്രമീകരിച്ചിരിക്കുന്നു. തിയേറ്ററിന്റെ ഏതുഭാഗത്തിരുന്നാലും കൃത്യമായ ദൃശ്യാനുഭവം ഉറപ്പാക്കുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാസീറ്റിലും ഒരുപോലെ ശബ്ദമെത്തുന്നതും മറ്റൊരു പ്രത്യേകതയാണ്. നൂതനസങ്കേതികവിദ്യയായ ഡോൾബി അറ്റ്‌മോസ് ഉപയോഗിച്ചിരിക്കുന്നതിനാൽ അരികിൽനിന്ന് പറയുന്നതുപോലെയാണ് പ്രേക്ഷകന് അനുഭവപ്പെടുക.

"ഹോം തിയേറ്റർ സംവിധാനത്തിൽ ഒരുക്കാൻ സാധിക്കാത്ത സംവിധാനമാണ് ക്യൂബ് എപിക് സ്‌ക്രീനോടുകൂടിയ തിയേറ്ററുകളിലുണ്ടാവുക. ആസ്വാദകരെ വീണ്ടും തിയേറ്ററുകളിൽ എത്തിക്കാനുതകുന്ന തരത്തിലായിരിക്കുമിത്. ക്യൂബ് എപിക് സ്‌ക്രീനുകൾ ഒരുക്കുന്നതിന് രാജ്യത്തുടനീളമുള്ള തിയേറ്ററുകളുമായി ചർച്ചകൾ നടക്കുന്നുണ്ട്"- ക്യൂബ് സിനിമാസ് സി.ഇ.ഒ. ഹർഷ് റോഹ്തഗി പറഞ്ഞു.

ചെന്നൈയിൽനിന്ന് 80 കിലോമീറ്ററോളം അകലെ തമിഴ്‌നാട് അതിർത്തിയോടുചേർന്ന ചെറുപട്ടണമാണ്  സൂല്ലൂരുപേട്ട.  മൾട്ടിപ്ലക്സുകൾ അടക്കം അമ്പതിൽപ്പരം സ്‌ക്രീനുകളുള്ള വി.സെല്ലുലോയ്‌ഡ് എന്ന കമ്പനിയാണ്  മൂന്നു സ്‌ക്രീനുകളോടുകൂടിയ മൾട്ടിപ്ലക്സായി വി.എപിക് തിയേറ്റർ തുറന്നത്. ഇതിലൊന്നിലാണ് നൂറ്റിയാറ് അടി വീതിയുള്ള സ്‌ക്രീൻ ഒരുക്കിയിരിക്കുന്നത്. 625 സീറ്റുകളുണ്ട്. 200 രൂപയാണ് ടിക്കറ്റ് നിരക്ക്.

തെലുങ്ക് യുവതാരം രാംചരൺ വി.എപിക് തിയേറ്റർ ഉദ്ഘാടനംചെയ്തു. പ്രഭാസ് നായകനാകുന്ന ‘സാഹോ’ റിലീസ് ചെയ്തുകൊണ്ടാണ് വെള്ളിയാഴ്ച ആദ്യപ്രദർശനം തുടങ്ങിയത്.