• 23 Sep 2019
  • 07: 19 AM
Latest News arrow

മദ്ധ്യവര്‍ഗത്തിന് തിരിച്ചടിയാകുമോ? നികുതിഘടനയിൽ മാറ്റം വരുത്താന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: നിലവിലുളള നികുതി ഘടന മാറ്റാന്‍ കേന്ദ്രധനമന്ത്രാലയത്തിന് പ്രത്യക്ഷ നികുതി കര്‍മ്മസമിതിയുടെ ശുപാര്‍ശ. 2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2.5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ക്ക് 10 ശതമാനമാണ് നികുതി.

10 ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനം നികുതിയ്ക്കും 20 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനം നികുതിയ്ക്കും കര്‍മ്മസമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 

നിലവില്‍ 2.5 ലക്ഷം രൂപമുതല്‍ അഞ്ചുലക്ഷം രൂപവരെയുള്ള വര്‍ക്ക് അഞ്ചുശതമാനമാണ് ആദായ നികുതി ഈടാക്കുന്നത്. അതിനുമുകളില്‍, അഞ്ചു ലക്ഷം രൂപമുതല്‍ 10 ലക്ഷം രൂപവരെയുള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനവുമാണ് നികുതി ചുമത്തുന്നത്. 2019 ലെ ഇടക്കാല ബജറ്റില്‍ അഞ്ചുലക്ഷം രൂപവരെയുള്ളവരെ റിബേറ്റ് നല്‍കി നികുതിബാധ്യതയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

ഓഗസ്റ്റ് 19നാണ് ധനമന്ത്രി നിര്‍മല സീതാരാമന് സര്‍ക്കാര്‍ രൂപീകരിച്ച സമിതി റിപ്പോര്‍ട്ട് കൈമാറിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.

20 ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നിലവിലുള്ള 30 ശതമാനം നികുതി തന്നെ തുടരണമെന്നാണ് സമിതിയുടെ ശുപാര്‍ശയെന്നാണ് വിവരം. അതി സമ്പന്നര്‍ക്കായി പുതിയൊരു നികുതി സ്ലാബ് കൊണ്ടു വരണമെന്നും ശുപാര്‍ശയുണ്ട്. രണ്ട് കോടിക്ക് പുറത്ത് വരുമാനമുള്ളവര്‍ക്ക് 35 ശതമാനം നികുതി ചുമത്തണമെന്നാണ് ശുപാര്‍ശ.