ഒക്ടോബര്‍ 2 മുതല്‍ രാജ്യത്ത് സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തും

ന്യൂഡല്‍ഹി: രാജ്യത്തെ പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ 2 ഗാന്ധിജയന്തി മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച സഞ്ചി, കപ്പ്, പാത്രം, ചെറിയ കുപ്പി, സ്ട്രോ, ചില പ്രത്യേകതരം സാഷെകള്‍, ബാഗ്, ഭക്ഷ്യ വസ്തുക്കള്‍ പായ്ക്ക് ചെയ്തിരിക്കുന്ന കവറുകള്‍ എന്നിവയ്ക്കാണ് ആദ്യ ഘട്ടത്തില്‍ നിരോധനം വരിക.
2022-ഓടെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് ഒഴിവാക്കാനാണു കേന്ദ്രത്തിന്റെ ശ്രമം. ഇതിന്റെ ആദ്യപടിയായാണ് ഏറെ പ്രചാരത്തിലുള്ള ആറ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്പന്നങ്ങള്ക്കു ഗാന്ധിജയന്തി ദിനം മുതല്‍ നിരോധനമേര്‍പ്പെടുത്തുന്നത്.
ഇത്തരം പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ആറിനം പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതോടെ ഇവയുടെ ആകെയുള്ള 1.4 കോടി ടണ്‍ വാര്‍ഷിക ഉപഭോഗത്തിന്റെ 5 മുതല്‍ 10 ശതമാനം വരെ കുറയുമെന്നാണു പ്രതീക്ഷ. നിരോധനം മറികടന്ന് ഇവ ഉപയോഗിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തും. എന്നാല്‍ ജനങ്ങള്‍ക്ക് പുതിയ നിയമവുമായി പൊരുത്തപ്പെടാനായി ആദ്യത്തെ ആറു മാസം പിഴ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.