• 08 Jun 2023
  • 05: 26 PM
Latest News arrow

ദേശീയ അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റ്: മെഡൽ വേട്ടയുമായി കേരളം മുൻപിൽ; ലോക ചാംപ്യൻഷിപ്പിനുള്ള യോഗ്യത ആരും മറികടന്നില്ല

ലക്‌നൗ: ഓഗസ്റ്റ് 27 (ചൊവ്വാഴ്ച) മുതൽ 30 (വെള്ളിയാഴ്ച) വരെ ലക്‌നൗ മഹാനഗർ പിഎസി സ്റ്റേഡിയത്തിൽ നടക്കുന്ന 59-മത് ദേശീയ അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തിൽ കേരളം 4 സ്വർണം ഉൾപ്പെടെ 6 മെഡൽ നേടി. എന്നാൽ  ഒൻപത് ഫൈനൽ ഇനങ്ങളിൽ ഒന്നിൽ പോലും ലോക ചാംപ്യൻഷിപ്പിനുള്ള യോഗ്യത മറികടക്കാൻ ആർക്കും സാധിച്ചില്ല. ആദ്യദിനം പൂർത്തിയാവുമ്പോൾ 38 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്താണ്.

വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ ബി. സൗമ്യയാണു കേരളത്തിന്റെ മെഡൽ ആദ്യം നേടിയത്.  1 മണിക്കൂർ 48 മിനിറ്റ് 19.35 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ സൗമ്യക്ക്  പക്ഷേ, തന്റെ ദേശീയ റെക്കോർഡിന്റെ അടുത്തെത്താൻ സാധിച്ചില്ല.

4x400 മീറ്റർ മിക്സഡ് റിലേ ടീമാണു കേരളത്തിനു രണ്ടാം സ്വർണം സമ്മാനിച്ചത്. സി. കണ്ണൻ, പി.ഒ. സയന, സ്മൃതിമോൾ രാജേന്ദ്രൻ, എൻ.എച്ച്. ഫായിസ് എന്നിവർ ഉൾപ്പെടുന്ന സംഘം 3 മിനിറ്റ് 31.62 സെക്കൻഡ് സമയത്തിൽ ഒന്നാം സ്ഥാനം നേടി.

പുരുഷൻമാരുടെ പോൾവോൾട്ടിലും വനിതകളുടെ ഹൈജംപിലും സ്വർണവും വെ‌ള്ളിയും നേടിയും മലയാളി താരങ്ങൾ മികവു കാട്ടി. പോൾവോൾട്ടിൽ ചേർത്തല സ്വദേശി കെ.ജി. ജെസൻ 4.90 മീറ്റർ ചാടി സ്വർണ്ണം നേടിയപ്പോൾ ചേർത്തല സ്വദേശി തന്നെയായ  എബിൻ സണ്ണി 4.80 മീറ്റർ ഉയരം കുറിച്ച് വെള്ളി നേടി.  കർണാടകയ്ക്കു വേണ്ടി മൽസരിച്ച മലയാളി ബിനീഷ് ജേക്കബ് വെങ്കലവും നേടി.

വനിതകളുടെ ഹൈജംപിൽ കേരള താരങ്ങളായ ആതിര സോമരാജും ലിബിയ ഷാജിയും 1.76 മീറ്റർ ചാടിയെങ്കിലും  മുൻപു ചാടാനെടുത്ത അവസരങ്ങൾ പരിഗണിച്ച് ആതിര സ്വർണ്ണവും ലിബിയ വെള്ളിയും  നേടി.