പി.വി സിന്ധുവിന് രാജ്യത്തിൻറെ ആദരം; വരവേൽപ്പ്

ന്യൂദൽഹി: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ പി.വി സിന്ധുവിന് രാജ്യത്തിൻറെ ഉജ്ജ്വല വരവേൽപ്പ്.ലോക കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച പി.വി സിന്ധുവിനെ ദില്ലി വിമാനത്താവളത്തിൽ കേന്ദ്ര കായികവകുപ്പ് മന്ത്രി കിരൺ റിജ്ജുവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ബാഡ്‌മിന്‍റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും സ്വീകരിക്കാനെത്തി. പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് സിന്ധു പറഞ്ഞു. 2017-ലും 2018-ലും നഷ്ടപ്പെട്ട കിരീടം നേടാനായതിന്റെ സന്തോഷം സിന്ധു പങ്കുവെച്ചു. അടുത്ത വർഷം ടോക്യോവിൽ നടക്കുന്ന ഒളിംപിക്‌സാണ് ഇനി സിന്ധുവിന്റെ ലക്ഷ്യം.
ചാമ്പ്യൻഷിപ്പ് വിജയത്തിന് ശേഷം സ്വിറ്റ്സർലന്റിൽ നിന്നും മടങ്ങിയെത്തിയ പി.വി സിന്ധു പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സന്ദർശിച്ചു. കേന്ദ്രമന്ത്രി കിരൺ റിജ്ജുവിന്റെ ഒപ്പമാണ് പി.വി സിന്ധു പ്രധാനമന്ത്രിയെ കാണാനെത്തിയത്. ഇവർക്കൊപ്പം സിന്ധുവിന്റെ കോച്ച് പി ഗോപീചന്ദ്, ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം വെങ്കല മെഡൽ നേടിയ സായ് പ്രണീത്, സിന്ധുവിന്റെ മറ്റൊരു പരിശീലകനായ കിം ജി ഹ്യൂന്‍, പിതാവ് പി.വി രമണ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
സിന്ധുവിന് കേന്ദ്രസർക്കാരിന്റെ സമ്മാനമായ പത്ത് ലക്ഷം രൂപയുടെ ചെക്ക് കിരൺ റിജ്ജു കൈമാറി. വെങ്കലമെഡൽ ജേതാവ് സായ് പ്രണീതിന് നാല് ലക്ഷം രൂപയും സമ്മാനിച്ചു.
പി.വി സിന്ധുവിന് 20 ലക്ഷം രൂപയും സായ് പ്രണീതിന് 5 ലക്ഷം രൂപയും ഇന്ത്യൻ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പാരിതോഷികമായി നല്‍കും.
സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സിന്ധുവിനെ നേരിട്ട് കണ്ടതില്‍ സന്തോഷമുണ്ടെന്നും ഭാവിയില്‍ എല്ലാവിധ വിജയങ്ങളും ഉണ്ടാകട്ടെയെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി ആശംസിച്ചു.
സ്വിറ്റ്സർലന്‍റിലെ ബേസലില്‍ നടന്ന ഫൈനലില്‍ ജപ്പാന്‍റെ നൊസാമി ഒക്കുഹാരയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് പി വി സിന്ധു ലോക കിരീടം നേടിയത്. സ്‌കോര്‍: 21-7, 21-7. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ക്കുക കൂടിയായിരുന്നു സിന്ധു.
ലോക ചാമ്പ്യൻഷിപ്പിൽ ഇത് അഞ്ചാമത്തെ തവണയാണ് സിന്ധു മെഡൽ നേടുന്നത്. രണ്ട് വെള്ളിയും രണ്ട് വെങ്കലവും സിന്ധു നേരത്തെ സ്വന്തമാക്കിയിരുന്നു.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടനേട്ടത്തിനുശേഷം തനിക്ക് കണ്ണീരടക്കാനായില്ലെന്ന് പി വി സിന്ധു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.
"ആ നിമിഷം എനിക്ക് കണ്ണീരടക്കാനായില്ല. ദേശീയ പതാക ഉയരുന്നതും ദേശീയ ഗാനം മുഴങ്ങുന്നതും ഞാന്‍ കേട്ടു. വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല ആ മുഹൂര്‍ത്തത്തെ. ദീര്‍ഘനാളായി ഇതിനുള്ള പരിശ്രമത്തിലായിരുന്നു. ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. എന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും ട്രെയിനറുടെയും ഒന്നും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇത് സാധ്യമാവില്ലായിരുന്നു. എല്ലാറ്റിലും ഉപരി എന്നെ ഇത്രയും നാളും അകമഴിഞ്ഞ് പിന്തുണച്ച എന്റെ ആരാധകര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. അവസാനം ഞാന്‍ ലോക ചാമ്പ്യനായിരിക്കുന്നു"- സിന്ധു ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.