• 23 Sep 2019
  • 07: 07 AM
Latest News arrow

പാലാ ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന്; 27ന് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: കെഎം മണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടന്ന പാലാ നിയോജക മണ്ഡലത്തില്‍ സെപ്തംബര്‍ 23ന് ഉപതെരഞ്ഞെടുപ്പ്. 27നാണ് വോട്ടെണ്ണല്‍. ആഗസ്റ്റ് 28-ന് വിജ്ഞാപനം ഇറക്കും. അന്ന് മുതല്‍ സെപ്തംബര്‍ 4-ാം തിയതി വരെ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധ അഞ്ചിന് നടക്കും. ഏഴ് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. മാതൃകാ പെരുമാറ്റച്ചട്ടം കോട്ടയത്ത് നിലവില്‍ വന്നു.

നാല് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഒഴിഞ്ഞു കിടക്കുന്ന കോന്നി, അടൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് ഒരുമിച്ച് നടക്കാനാണ് സാധ്യത. നവംബറിലായിരിക്കും ഇത്.

യുഡിഎഫിന്റെ ഉറച്ച കോട്ടയായ പാലാ മണ്ഡലത്തില്‍ നിന്നും, രൂപീകരിച്ച അന്ന് മുതല്‍ ഇതുവരേയും കെഎം മാണിയല്ലാതെ മറ്റൊരാളും ജയിച്ചിട്ടില്ല. എല്ലാക്കാലത്തും വലിയ ഭൂരിപക്ഷത്തിനായിരുന്നു മാണിയുടെ വിജയം. 2016-ല്‍ മാത്രം ഈ നില മാറി. അന്ന് 5000-ത്തില്‍ താഴെ വോട്ടുകള്‍ക്കാണ് മാണി പാലായില്‍ നിന്ന് ജയിച്ചത്. 

മാണിയുടെ മരണത്തിന് ശേഷം കേരള കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ചേരിപ്പോര് യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചേക്കാം. 
കഴിഞ്ഞ തവണ മാണിയോട് ശക്തമായി മത്സരിച്ച മാണി സി കാപ്പന്‍ തന്നെയാകും എല്‍ഡിഎഫില്‍ നിന്ന് ഇവിടെ മത്സരിക്കാനിറങ്ങുക. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഘാതം എല്‍ഡിഎഫിനെ പൂര്‍ണമായും വിട്ടുമാറിയിട്ടില്ല. എന്നാല്‍ യുഡിഎഫാകട്ടെ  ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോട്ടയത്ത് ജയിച്ചത്. എന്‍ഡിഎയില്‍ ബിഡിജെഎസ് ഈ സീറ്റിനായി വാദമുന്നിയിക്കാന്‍ സാധ്യതയുണ്ടെങ്കിലും പാര്‍ട്ടി തന്നെ ഇവിടെ മത്സരിക്കണമെന്നാണ് ബിജെപി ജില്ലാഘടകത്തിന്റെ വികാരം.