• 23 Sep 2019
  • 07: 18 AM
Latest News arrow

അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം

ന്യൂഡല്‍ഹി: അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലിയുടെ സംസ്‌കാരം ഇന്ന്. ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ മൃതദേഹം ഇപ്പോള്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെയാണ് ഇവിടെ പൊതു ദര്‍ശനം. 

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും രാജ്യം ജയ്റ്റ്ലിക്ക് അന്തിമോപചാരം അര്‍പ്പിക്കുക. നിഗം ബോധ്ഘട്ടില്‍ വൈകിട്ടാണ് സംസ്‌കാര ചടങ്ങുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദര്‍ശനം തുടരണമെന്നായിരുന്നു ജയ്റ്റ്ലിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചത്. അതിനാല്‍ മോദി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കില്ല. 

വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്ലി ഇന്നലെ ഉച്ചയ്ക്ക് ഡല്‍ഹി എയിംസില്‍ വച്ചാണ് അന്തരിച്ചത്. സുഷമ സ്വരാജിന്റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജയ്റ്റ്ലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പെട്ടെന്ന് നഷ്ടമാകുന്നത്.