• 10 Jun 2023
  • 05: 10 PM
Latest News arrow

കാത്തിരിപ്പിന് വിരാമം: ഡ്യൂറന്‍ഡ് കപ്പില്‍ കേരളം ചാമ്പ്യന്‍മാര്‍; മുട്ടുകുത്തിച്ചത് മോഹന്‍ ബഗാനെ

കൊല്‍ക്കത്ത: 22 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഡ്യൂറന്‍ഡ് കപ്പ് കേരളത്തിലേക്ക്. പതിനാറ് തവണ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചാണ് ഗോകുലം കേരള എഫ്‌സിയുടെ കിരീടനേട്ടം. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇത്തവണ കേരളം കപ്പ് നേടിയത്.

1997-ലാണ് അവസാനമായി കേരളം ഡ്യൂറന്‍ഡ് കപ്പില്‍ മുത്തമിടുന്നത്. അന്നും മോഹന്‍ ബഗാനെ തോല്‍പ്പിച്ചായിരുന്നു എഫ്‌സി കൊച്ചിന്‍ ചാമ്പ്യന്‍മാരായത്. 

മൂന്ന് വര്‍ഷം മാത്രം പരിചയസമ്പത്തുള്ള ടീമാണ് ഗോകുലം എഫ്‌സി. ആ ടീം ബംഗാള്‍ ടീമുകളുടെ അപ്രമാധിത്യത്തെ തകര്‍ത്തെറിയുകയായിരുന്നു. ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ വകയായിരുന്നു രണ്ട് ഗോളുകളും. ടൂര്‍ണമെന്റില്‍ ആകെ പതിനൊന്ന് ഗോളുകളാണ് ജോസഫ് നേടിയത്. ഗോള്‍ഡന്‍ ഗോള്‍ പുരസ്‌കാരം ഗോകുലത്തിന്റെ മലയാളി താരം ഉബൈദിനാണ്.

45-ാം മിനിറ്റില്‍ ഹെന്റി കിസേക്കയെ ഫൗള്‍ ചെയ്തതാണ് കളിയുടെ ഗതി മാറ്റിയത്. കിക്കെടുത്ത മാര്‍ക്കസ് ജോസഫ് കേരളത്തിന് ലീഡ് നല്‍കി. രണ്ടാം പകുതിയില്‍ ഇരുടീമും കനത്ത പോരാട്ടം തന്നെ കാഴ്ച വെച്ചു. 52-ാം മിനിറ്റില്‍ മാര്‍ക്കസ് വീണ്ടും ബഗാന്റെ വല കുലുക്കി കേരളത്തിന്റെ ലീഡ് നില ഉയര്‍ത്തി. 64-ാം മിനിറ്റിലായിരുന്നു ചമാറോയിലൂടെ ബഗാന്റെ മറുപടി ഗോള്‍. 

87-ാം മിനിറ്റില്‍ ജസ്റ്റിന്‍ ജോര്‍ജ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ ഗോകുലം പത്ത് പേരായി ചുരുങ്ങി. അവസാന മിനിറ്റുകളില്‍ ഗോകുലം ശക്തമായ ആക്രമണം അഴിച്ചുവിട്ടെങ്കിലും ആ ആക്രമണങ്ങളെയെല്ലാം ഗോകുലത്തിന്റെ കാരിരുമ്പ് പോലത്തെ പ്രതിരോധ നിര നിഷ്ഫലമാക്കി.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മോഹന്‍ ബഗാന്‍ ഹാന്‍ഡ് ബോളിനായി വാദിച്ചെങ്കിലും റഫറി നല്‍കിയില്ല. ഇതോടെ കോച്ചടക്കമുള്ളവര്‍ ക്ഷുഭിതരായി. റഫറിയെയും ലൈന്‍സ്മാനെയും ചീത്ത വിളിച്ചതിന് പകരക്കാരുടെ ബെഞ്ചിലിരുന്ന ഫ്രാന്‍ മൊറാന്റയ്ക്ക് ചുവപ്പ് കാര്‍ഡും ലഭിച്ചു.