• 23 Sep 2019
  • 07: 06 AM
Latest News arrow

തീവ്രവാദ ഭീഷണി: കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീം കസ്റ്റഡിയില്‍

കൊച്ചി: ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്ന ആറ് ലഷ്‌കറെ ത്വയിബ തീവ്രവാദികളെ സഹായിച്ചെന്ന സംശയിക്കുന്ന മലയാളിയായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്തെ കോടതിയില്‍ ഹാജരാവാന്‍ എത്തിയപ്പോഴാണ് അബ്ദുള്‍ റഹീമിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ഇയാളെ പൊലീസ് തിരയുകയായിരുന്നു. ഇയാള്‍ ബഹ്‌റൈനില്‍ നിന്നും രണ്ട് ദിവസം മുമ്പാണ് കൊച്ചിയില്‍ എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു ഒരു സ്ത്രീയെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
അബ്ദുള്‍ ഖാദറിന്റെ ചിത്രം തമിഴ്‌നാട് പൊലീസിന് ലഭിച്ചിരുന്നു. കുറേക്കാലം ബഹ്‌റൈനില്‍ ബിസിനസ് ചെയ്തിരുന്ന ഇയാള്‍ കച്ചവടം പൊളിഞ്ഞപ്പോള്‍ അവിടെനിന്ന് അപ്രത്യക്ഷനാവുകയായിരുന്നു എന്നാണ് ഇന്റലിജന്‍സ് ഏജസികളുടെ കണ്ടെത്തല്‍. 
അതേസമയം ഭീകരര്‍ക്ക് സഹായം ചെയ്തുവെന്ന് കരുതുന്ന ആറു പേരെകൂടി തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ എട്ടു വരെ രാജ്യത്ത് പലയിടത്തും ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതിയിടുന്നുവെന്നായിരുന്നു രഹസ്യാന്വേഷണ മുന്നറിയിപ്പ്. ശ്രീലങ്കയില്‍ നിന്നും ബോട്ട്മാര്‍ഗം അനധികൃതമായി തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറിയ സംഘം പിന്നീട് കോയമ്പത്തൂരിലേക്ക് പോയതായാണ് വിവരം. സംഘത്തിലെ ഒരാള്‍ പാക് പൗരനായ ഇല്യാസ് അന്‍വറാണെന്നും മറ്റൊരാള്‍ അബ്ദുള്‍ ഖാദര്‍ ആണെന്നുമായിരുന്നു റിപ്പോര്‍ട്ട്.