• 23 Sep 2019
  • 07: 18 AM
Latest News arrow

രാഹുലിനെയും സംഘത്തെയും വിമാനത്താവളത്തില്‍ തടഞ്ഞു; തിരിച്ചയച്ചു

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയച്ചു. ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ ജമ്മുകശ്മീര്‍ പൊലീസ് തടഞ്ഞുവെക്കുകയും ഒരു മണിക്കൂറിനുശേഷം തിരിച്ചയക്കുകയുമായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ സംഘത്തെ പുറത്തുകടക്കാന്‍ അനുവദിച്ചില്ല. മാത്രമല്ല, നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നതും പോലീസ് സംഘം തടഞ്ഞു.
രാഹുല്‍ ഗാന്ധിക്ക് പുറമേ ഗുലാംനബി ആസാദ്, സി.പി.ഐ. നേതാവ് ഡി. രാജ,  മനോജ് ജാ, മജീദ് മേമന്‍, ശരദ് യാദവ് തുടങ്ങിയവരും മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ കശ്മീരിലേക്ക് വരരുതെന്ന് പോലീസും ഉദ്യോഗസ്ഥരും പ്രതിപക്ഷസംഘത്തോട് ആവശ്യപ്പെട്ടിരുന്നു. 
എയര്‍പോട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും രണ്ടിടത്തായി മാറ്റിനിര്‍ത്തുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും ഇവര്‍ക്ക് അനുമതി നിഷേധിച്ചു. പ്രതിപക്ഷ നേതാക്കളോട് സംസാരിക്കാന്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തേ, ഗുലാംനബി ആസാദിനെ രണ്ടു തവണ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കൊന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.