• 08 Jun 2023
  • 05: 28 PM
Latest News arrow

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്; പി.വി സിന്ധു ഫൈനലില്‍

സ്വിറ്റ്‌സര്‍ലന്‍ഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. സെമി പോരാട്ടത്തില്‍ ചൈനീസ് താരം ചെന്‍ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധു ഫൈനലിലെത്തിയത്. സ്‌കോര്‍: 21-7, 21-14. മത്സരം 40 മിനിറ്റ് നീണ്ടുനിന്നു. 
ആദ്യ ഗെയിം അനായാസമായി തന്നെ സ്വന്തമാക്കിയ സിന്ധുവിനെതിരേ മികച്ച റാലികളോടെ ഫെയി രണ്ടാം ഗെയിമില്‍ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിന്ധുവിന്റെ ചില പിഴവുകളില്‍ നിന്ന് തുടക്കത്തില്‍ മുതലെടുക്കാന്‍ കഴിഞ്ഞെങ്കിലും ഈ പോരാട്ടവീര്യം അവസാന വരെ നിലനിര്‍ത്താന്‍ ഫെയിക്കായില്ല.
തുടര്‍ച്ചയായി മൂന്നാം തവണയാണ് സിന്ധു ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും ഫൈനലില്‍ കടന്നെങ്കിലും കലാപ്പോരില്‍ തോറ്റ് വെള്ളിയില്‍ ഒതുങ്ങുകയായിരുന്നു.
36 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലോക ബാഡ്മിന്റണ്‍ പുരുഷവിഭാഗത്തില്‍ മെഡലുറപ്പിച്ച ആദ്യ ഇന്ത്യന്‍ താരമായി മാറിയ ബി.സായ്പ്രണീതിനും ഇന്നു സെമി പോരാട്ടമുണ്ട്. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോറ്റയാണ് എതിരാളി. സെമിയില്‍ തോറ്റാലും സായ്പ്രണീതിനു വെങ്കലം ലഭിക്കും.