• 19 Feb 2020
  • 01: 25 PM
Latest News arrow

കെവിന്‍ വധക്കേസ്: വിധി പറയുന്നത് ചൊവ്വാഴ്ച; പ്രതികള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് മാറ്റിയത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി നിരീക്ഷിച്ചു.

കേസ് പരിഗണിക്കവെ കോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതികള്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ല. പ്രതികളെ ആശ്രയിച്ച് കഴിയുന്ന കുടുംബം ഉണ്ടെന്നും ഇതെല്ലാം പരിഗണിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍  അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച്  വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആവശ്യം. 

കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ അടക്കം 10 പ്രതികള്‍ കുറ്റക്കാരെന്നു വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ അടക്കം 4 പേരെ വിട്ടയച്ചിരുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്.