• 19 Sep 2019
  • 12: 19 AM
Latest News arrow

അരുണ്‍ ജയ്റ്റ്‍ലി വിട വാങ്ങി

വാജ്‌പേയ്, മോദി സർക്കാറുകളിൽ മന്ത്രിയായിരുന്നു; മികച്ച അഭിഭാഷകനും പാർലമെന്റേറിയനും

ന്യൂദൽഹി: ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയും നിയമജ്ഞനുമായ അരുണ്‍ ജയ്റ്റ്‍ലി അന്തരിച്ചു. 66 വയസ്സായിരുന്നു. ദില്ലി എയിംസിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് ഒൻപതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. 

ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്ണ് അരുൺ ജയ്റ്റ്ലിയെ എയിംസിൽ പ്രവേശിപ്പിച്ചത്. രണ്ട് വർഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്ലി. കഴിഞ്ഞ വർഷം മേയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കടക്കം വിധേയനായിരുന്നു. കടുത്ത പ്രമേഹരോഗിയായിരുന്ന അദ്ദേഹം വർഷങ്ങൾക്കു മുൻപ് ബാരിയാട്രിക് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. രണ്ടു തവണ ചികിത്സക്കായി അമേരിക്കയിൽ പോയിരുന്നു. ഈ വർഷമാദ്യം യുഎസിൽ ടിഷ്യു കാൻസർ ചികിൽസയ്ക്കു പോയ അദ്ദേഹം ചികിത്സ തുടരുകയായിരുന്നു.

ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. അരുൺ ജയ്റ്റ്ലി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാണിച്ചാണ് രണ്ടാം മോദി  മന്ത്രിസഭയില്‍നിന്ന് മാറിനിന്നത്. ധനമന്ത്രിയായിരുന്ന ജയ്റ്റ്ലിയുടെ അഭാവത്തിൽ പീയൂഷ് ഗോയലാണു ഒന്നാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. 1980 ൽ ബിജെപിയിൽ  അംഗത്വമെടുത്ത ജയ്റ്റ്ലി 1998-2004 കാലയളവിൽ വാജ്പേയി മന്ത്രിസഭയിൽ നിയമ നീതി വകുപ്പിന്റെ  ക്യാബിനറ്റ് പദവി വഹിച്ചിരുന്നു. 2014ൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു.

ഇന്ത്യന്‍ സാമ്പത്തികരംഗത്തെ മാറ്റിമറിച്ച രണ്ട് നിര്‍ണായക തീരുമാനങ്ങളായ ജിഎസ്ടിയും നോട്ടുനിരോധനവും നടപ്പിലായത് ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ്. മനോഹർ പരീക്കറിന്റെയും സുഷമ സ്വരാജിന്റെയും നിര്യാണത്തിന് പിന്നാലെ അരുണ്‍ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള മൂന്ന് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാകുന്നത്.

അരുൺ ജയ്റ്റ്‍ലിയുടെ വിയോഗത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.