സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ടു; കണ്ണന് ഗോപിനാഥന് ഐ.എ.എസ് രാജിവെച്ചു

ന്യൂഡല്‍ഹി: മലയാളി ഐ.എ.എസ് ഓഫീസര്‍ കണ്ണന് ഗോപിനാഥന് സര്‍വീസില്‍ നിന്ന് രാജിവെച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നും അത് വീണ്ടെടുക്കാനാണ് രാജിയെന്നുമാണ് കണ്ണന് ഗോപിനാഥ് പറയുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കൊപ്പം ആരുമറിയാതെ പ്രവര്‍ത്തിക്കുകയും ചുമടെടുക്കുകയും ചെയ്ത് ശ്രദ്ധ നേടിയ ഉദ്യോഗസ്ഥനായിരുന്നു കണ്ണന്.
2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന് ഗോപിനാഥന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് രാജിക്കത്ത് നല്‍കിയത്. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും അതിനാല്‍ രാജിവെച്ച് പുറത്തുപോകുകയാണെന്നുമാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ രാജിക്കത്തില്‍ ഇക്കാര്യമൊന്നും സൂചിപ്പിക്കുന്നില്ല. സര്‍വീസില്‍ നിന്ന് രാജിവെക്കാന്‍ തന്നെ അനുവദിക്കണമെന്ന് മാത്രമാണ് ഒറ്റപ്പേജ് കത്തില്‍ പറയുന്നത്.
കേന്ദ്രഭരണ പ്രദേശമായ ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലിയിലെ ജില്ലാ കളക്ടറായിരുന്ന സമയത്താണ് കണ്ണന് ഗോപിനാഥ് കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയത്. പിന്നീട് ആരുമറിയാതെ അവിടെ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് കൊച്ചിയില്‍ ഇദ്ദേഹം ചുമടെടുക്കുന്ന ചിത്രങ്ങളും പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥനാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി സ്വദശിയായ കണ്ണന് ഗോപിനാഥ് ഇപ്പോള്‍ ദാദര്‍ ആന്‍ഡ് നാഗര്‍ ഹവേലി വൈദ്യുത പാരമ്പര്യേതര ഊര്‍ജ വകുപ്പില്‍ സെക്രട്ടറിയാണ്.