ഇന്ത്യയുടെ 'റുപേ' കാർഡ് ഉപയോഗിക്കുന്ന മധ്യപൂർവദേശത്തെ ആദ്യ രാജ്യമായി യുഎഇ

അബുദാബി: ഇന്ത്യയുടെ 'റുപേ' കാർഡ് നിലവിൽവരുന്ന മധ്യപൂർവദേശത്തെ ആദ്യ രാജ്യം എന്ന വിശേഷണം യുഎഇക്ക് സ്വന്തമായി. വിസ, മാസ്റ്റർകാർഡ് തുടങ്ങിയവയ്ക്ക് പകരമുപയോഗിക്കാവുന്ന കാർഡാണ് 'റുപേ'. പണമിടപാടുകൾക്ക് മാസ്റ്റർ, വിസ ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് കുറവായിരിക്കുമെന്നതാണ് 'റുപേ'യുടെ പ്രത്യേകത.സിംഗപൂരിലും ഭൂട്ടാനിലും നേരത്തെത്തന്നെ റൂപേ കാര്‍ഡ് പുറത്തിറക്കിയിരുന്നു.
'റുപേ' കാർഡിന്റെ ഉദ്ഘാടനം അബുദാബി എമിറേറ്റ്സ്പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ നരേന്ദ്ര മോദി നിർവഹിച്ചു. 'റുപേ' കാർഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും യുഎഇയിലെ മെർക്കുറി പേയ്മെന്റും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
ഡിജിറ്റൽ പെയ്മെന്റുകൾ, വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് ഗള്‍ഫില്‍ 'റുപേ' കാര്‍ഡിറക്കുന്നതിന് പിന്നിലെ ലക്ഷ്യം.
ഇതോടെ യുഎഇയിലെ പിഒഎസ് ടെർമിനലുകളിലും ഔട്ട്ലെറ്റുകളിലും 'റുപേ' കാര്‍ഡ് സ്വീകരിക്കും. സാധാരണ ഡെബിറ്റ് കാർഡുകൾ പോലെ എടിഎം, പിഒഎസ്, ഓൺലൈൻ സെയിൽസ് എന്നീ ആവശ്യങ്ങൾക്ക് 'റുപേ' കാർഡുകൾ ഉപയോഗിക്കാനാവും.