• 18 Feb 2020
  • 12: 17 PM
Latest News arrow

പൊറിഞ്ചു മറിയം ജോസ്: പെരുന്നാള്‍ പോലെ ഒരു സിനിമ

പൊറിഞ്ചു, മറിയം, ജോസ് എന്നീ മൂന്ന് കൂട്ടുകാരുടെ ജീവിതം പറയുന്ന സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. അതോടൊപ്പം കുടുംബ മഹിമ നോക്കി ആളുകളെ മാനിക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയെ സിനിമ ചോദ്യം ചെയ്യുന്നുമുണ്ട്. 

തൃശൂരില്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് സിനിമ കഥപറയുന്നത്. പൊറിഞ്ചു, മറിയം, ജോസ് എന്ന മൂന്ന് കൂട്ടുകാരുടെ സ്‌കൂള്‍ ജീവിതത്തില്‍ നിന്നും തുടങ്ങുന്നു. മൂവരുടെയും സ്വഭാവവും സൗഹൃദവും അവരുടെ കുടുംബസ്ഥിതിയും വ്യക്തമാക്കി നല്ലൊരു ആമുഖം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. അതിന് ശേഷം മുതിര്‍ന്നപ്പോഴുള്ള അവരുടെ പ്രകൃതമെന്താണെന്ന് പ്രദേശത്തെ ചില കുട്ടിപ്പടകളിലൂടെ ചോദ്യമെറിഞ്ഞ്, ഉത്തരം കണ്ടെത്തി പ്രേക്ഷകന് നല്‍കുന്നു. ശേഷം സിനിമയുടെ അവസാനം വരെ അവരുടെ ജീവിതത്തില്‍ നടക്കുന്ന വിവിധ സംഭവങ്ങളെ കാട്ടിത്തരുകയാണ്. 

പള്ളിപ്പെരുന്നാളുകളാണ് ആദ്യമധ്യാന്തം ചിത്രത്തിന്റെ പശ്ചാത്തലം. ബാന്റ്‌മേളത്തിന്റെ ശബ്ദം അന്തരീക്ഷത്തില്‍ എപ്പോഴും അലയടിക്കുന്നതായി തോന്നും. ആഘോഷത്തിമര്‍പ്പാണ് ചിത്രത്തിന്റെ പകുതിയും. പാട്ടും ഡിസ്‌കോ ഡാന്‍സും കള്ളുകുടിയും തമ്മില്‍ത്തല്ലും പ്രണയവുമൊക്കെയായി ആഘോഷരസം ഒഴുകുകയാണ്. ഈ ആഘോഷമല്ലൊം ചങ്ക് പറിച്ചു നല്‍കുന്ന സ്‌നേഹത്തില്‍ പൊതിഞ്ഞതുമാണ്.

പൊറിഞ്ചുവും ജോസും തമ്മിലുള്ള സ്‌നേഹം, ഇരുവര്‍ക്കും തങ്ങളുടെ പെണ്ണുങ്ങളോടുള്ള പ്രണയം, ജോസും സഹോദരന്‍ ബാബുവും തമ്മിലുള്ള സ്‌നേഹം, പൊറിഞ്ചുവിനും ജോസിനും തങ്ങളുടെ മാതാപിതാക്കളോടുള്ള സ്‌നേഹം, പൊറിഞ്ചുവിന് ഐപ്പ് മുതലാളിയോടുള്ള സ്‌നേഹം, മറിയത്തിന് തന്റെ അപ്പനോടുള്ള സ്‌നേഹം, പൊറിഞ്ചുവും ജോസും മറിയവും തമ്മിലുള്ള സൗഹൃദം... എന്നിങ്ങനെ കറയറ്റ സ്‌നേഹത്തെ ആഘോഷിക്കുന്നുണ്ട് ഈ സിനിമ. അതോടൊപ്പം, ചില സ്‌നേഹത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറയെ കാണിച്ചുതരുകയും ചെയ്യുന്നു.

പൊറിഞ്ചു, മറിയം, ജോസ് എന്നീ കഥാപാത്രങ്ങളോട് കട്ടയ്ക്ക് നില്‍ക്കുന്ന ഒരു കഥാപാത്രമാണ് വിജയരാഘവന്‍ അവതരിപ്പിക്കുന്ന ഐപ്പ് മുതലാളി. ഈ കഥാപാത്രത്തെ ഇഴകീറി പരിശോധിച്ചാല്‍ കിട്ടുന്ന ചിത്രമുണ്ടല്ലോ, അതാണ് ഈ സിനിമയ്ക്ക് കൂടുതല്‍ മാര്‍ക്ക് നേടിക്കൊടുക്കുന്നത്. പൊറിഞ്ചുവിനും ജോസിനും സ്‌കൂള്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം മുതല്‍ ക്ലൈമാക്‌സിലെ അപ്രീതീക്ഷിത രംഗം വരെ കാണിച്ചു തരുന്നത് ജാതിയ്ക്കും മതത്തിനും അപ്പുറം കുടുംബ മഹിമ പറഞ്ഞ് ആളുകളെ വേര്‍തിരിക്കുന്ന ഒരു സാമൂഹ്യസ്ഥിതിയാണ്.  

സ്‌കൂളില്‍ വെച്ച് മറിയത്തെ ശല്യപ്പെടുത്തിയ ചെറുക്കനെ പൊറുഞ്ചു തല്ലിയപ്പോള്‍, അധ്യാപകന്‍ വന്ന് കുടുംബപ്പേര് ചോദിച്ചറിഞ്ഞതിന് ശേഷം പൊറുഞ്ചുവിനെ മാത്രം ശിക്ഷിക്കുകയാണ്. ഇതില്‍ പൊറിഞ്ചുവും ജോസും മറിയവും അധ്യപകനെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പൊറിഞ്ചുവിനെയും ജോസിനെയും സ്‌കൂളില്‍ നിന്ന് പുറത്താക്കിയ അധ്യാപകന്‍ മറിയത്തെ അവളുടെ കുടുംബപ്പേര് കേട്ട് വെറുതെ വിടുന്നു.

പള്ളിപ്പെരുന്നാളിന് പ്രദക്ഷിണം പോകുമ്പോള്‍ നാട്ടുകാര്‍ രാജാവിനെപ്പോലെ കരുതുന്ന ഐപ്പിന്റെ വീടിന് മുമ്പില്‍ നിന്ന് ബാന്റ് മേളം കൊട്ടണം. അപ്പോള്‍ ആരും ഡാന്‍സ് കളിക്കാന്‍ പാടില്ല. ഇവിടെയും കുടുംബപ്പേര് തലയുയര്‍ത്തുന്നു. പൊറിഞ്ചുവിന്റെയും മറിയത്തിന്റെയും പ്രണയത്തിന് ഇടങ്കോലിടുന്ന അവളുടെ അപ്പനും ആന്റോയുടെയും ലില്ലിയുടെയും കല്യാണം മുടക്കാനെത്തുന്ന ലില്ലിയുടെ കുടുംബക്കാരും കുടുംബമഹിമയില്‍ കണ്ണ് മഞ്ഞളിച്ചവരാണ്.

ഐപ്പ് മുതലാളിയുടെ വീട്ടിലെ മുന്തിയ ഇനം നായയ്ക്ക് തന്റെ ഇറച്ചിക്കടയില്‍ നിന്നും രണ്ട് കഷ്ണം ഇറച്ചി ഒരിലയില്‍ വെച്ച് പൊറിഞ്ചു കൊടുക്കുന്ന രംഗമുണ്ട്. ഈ സിനിമയിലെ ഏറ്റവും ഗംഭീര സീനാണത്. ഇറച്ചി കൊടുത്തതിന് ശേഷം പൊറിഞ്ചിവും ഐപ്പ് മുതലാൡും പലതും സംസാരിക്കുന്നുണ്ട്. എന്നാല്‍ പ്രേക്ഷകരുടെ ശ്രദ്ധ മുഴുവന്‍ ആ പട്ടി കവര്‍ന്നെടുത്തു. മുന്നില്‍ ഇറച്ചിക്കഷ്ണം കിട്ടിയിട്ടും തിരിഞ്ഞു നോക്കാത്ത പട്ടി. ഇതിന് ഐപ്പ് മുതലാളിയുടെ മറുപടി, ''അവന്‍ തറവാടിയാ.. വീട്ടില്‍ നിന്നുള്ള ഭക്ഷണമേ കഴിക്കൂ''വെന്ന തരത്തിലുള്ളതാണ്. 

പൊറിഞ്ചുവിന്റെ തോളില്‍ കയ്യിട്ട് നടക്കുന്ന, അവന്റെ ഒപ്പം നടക്കല്ലേല്‍ ഇരുന്ന് കുടിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന, മക്കളുടെയും പേരക്കുട്ടിയുടെയും മുമ്പില്‍ പൊറിഞ്ചുവിനെ വാഴ്ത്തിപ്പാടുന്ന, നമ്മള്‍ കൂട്ടുകാരല്ലേ എന്ന് ചോദിക്കുന്ന സ്‌നേഹ സമ്പന്നനായ ഐപ്പ് മുതലാളിയിലാണ് ഈ സിനിമ അതിന്റെ രാഷ്ട്രീയം ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് പ്രത്യേകിച്ച് കഥയൊന്നും പറയാതെ കുറെ സംഭവങ്ങള്‍ പെറുക്കിക്കൂട്ടി കോര്‍ത്തിണക്കിയ ഈ സിനിമ മുഷിപ്പിക്കുമ്പോള്‍ തന്നെ ശക്തമായ ഒരു രാഷ്ട്രീയ ം മുന്നോട്ടുവെയ്ക്കുന്നുവെന്നത് അഭിനന്ദാര്‍ഹമാണ്. അഭിലാഷ് എന്‍ ചന്ദ്രന്റേതാണ് കഥയും തിരക്കഥയും. 

പൊറിഞ്ചുവായി ജോജു ജോര്‍ജും ജോസായി ചെമ്പന്‍ വിനോദ് ജോസും മറിയമായി നൈല ഉഷയും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ഒരേ അളവ് പാത്രത്തില്‍ തന്നെയാണ് മൂന്ന് കഥാപാത്രങ്ങളെയും പരിചരിച്ചത്. ഐപ്പ് മുതലാളിയായി വിജയരാഘവന്‍ കസറിയപ്പോള്‍ സലീം കുമാര്‍, ടിജി രവി, സുധി കോപ്പ, രാഹുല്‍ മാധവ്, സ്വാസിക എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. 

ജെയ്ക്‌സ് ബിജോയിയുടെ സംഗീതം സിനിമയെ ഒരു പെരുന്നാളാക്കി മാറ്റിയിട്ടുണ്ട്. സാങ്കേതിക മേഖലയിലൊന്നും തന്നെ സിനിമയ്ക്ക് പാളിയില്ല. മാസ് സിനിമകളുടെ ശില്‍പ്പിയായ ജോഷിയുടെ ഗംഭീര മെയ്ക്കിങ് ഈ സിനിമയിലും പ്രകടമാണ്. 

കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം, അവരുടെ ചെറുതും വലുതുമായ പ്രവര്‍ത്തികള്‍ എന്നിവ കാണിച്ചുതരാനാണ് സിനിമ ശ്രമിക്കുന്നത് എന്നതിനാല്‍ ഒന്നില്‍പ്പിടിച്ച് അതിന്റെ തുടര്‍ച്ചയായുള്ള കഥയെന്ന രീതിയിലല്ല ചിത്രം മുന്നോട്ടുപോകുന്നത്. തമാശ രംഗങ്ങള്‍ ചിത്രത്തില്‍ കുറവാണ്. കണ്ണീര്‍ രംഗങ്ങള്‍ അധികരിക്കുകയും ചെയ്തു. അതിനാല്‍ സിനിമ പറയുന്ന രാഷ്ട്രീയവും കിട്ടിയ കഥയെ നന്നായി എടുത്ത സംവിധായകന്റെ മികവും പ്രശംസനീയമാണെന്ന് പറയുമ്പോള്‍ തന്നെ പ്രേക്ഷക മനസ്സിനെ കീഴടക്കാന്‍ സിനിമയ്ക്കാവുന്നില്ലെന്ന് പറയേണ്ടിവരും.