• 03 Feb 2023
  • 09: 31 PM
Latest News arrow

നരേന്ദ്ര മോദി അബുദാബിയിൽ; 'ഓർഡർ ഓഫ് സായിദ് മെഡൽ' ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. രണ്ടുദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായാണ് അദ്ദേഹമെത്തിയിട്ടുള്ളത്. നാല് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്.

പ്രസിഡന്‍ഷ്യൽ പാലസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ഈ ചടങ്ങിൽ യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് സായിദ് മെഡൽ' നരേന്ദ്ര മോദിക്ക് സമ്മാനിക്കും. 'ഓർഡർ ഓഫ് സായിദ് മെഡൽ' ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ രാജകുടുംബത്തിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് പ്രധാനമന്ത്രിയും ശൈഖ് മുഹമ്മദും ചേർന്ന് പുറത്തിറക്കും. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളും ഇതോടനുബന്ധിച്ച് ഒപ്പുവയ്ക്കും. തുടർന്ന് പ്രസിഡൻഷ്യൽ പാലസിലെ ഉച്ചവിരുന്നിന് ശേഷം യുഎഇ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി ബഹ്റൈനിലേക്ക് പോകും.

കശ്മീർവിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച ആദ്യ അറബ് രാജ്യമാണ് യുഎഇ എന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ ഊഷ്മളത വർധിപ്പിക്കുന്നു.